Latest News

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം; റെയില്‍വേ യാത്രാ ഇളവ് വീണ്ടും പുനസ്ഥാപിച്ചു

മുതിര്‍ന്ന പൗരന്മാര്‍ക്ക് ആശ്വാസം; റെയില്‍വേ യാത്രാ ഇളവ് വീണ്ടും പുനസ്ഥാപിച്ചു
X

ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് വലിയ ആശ്വാസമായി ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ തീരുമാനം. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള യാത്രാ ഇളവുകള്‍ റെയില്‍വേ പുനസ്ഥാപിച്ചു. ചികില്‍സ, കുടുംബ സന്ദര്‍ശനം, തീര്‍ത്ഥാടനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി സ്ഥിരമായി യാത്ര ചെയ്യുന്ന പ്രായമായ യാത്രക്കാര്‍ക്ക് ഈ തീരുമാനം ഗണ്യമായ സഹായമാകുമെന്നാണ് വിലയിരുത്തല്‍.

പുതിയ തീരുമാനപ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ വീണ്ടും ഇളവ് ലഭിക്കും. ദീര്‍ഘദൂര ട്രെയിന്‍ യാത്രകളില്‍ ചികില്‍സ, കുടുംബ ആവശ്യങ്ങള്‍, മതപരമായ യാത്രകള്‍ തുടങ്ങിയവയ്ക്കായി പോകുന്നവര്‍ക്ക് ഇതുവഴി യാത്രാചെലവ് ഗണ്യമായി കുറയ്ക്കാനാകും. ഇതോടൊപ്പം സ്‌റ്റേഷനുകളിലും ട്രെയിനുകളിലും മുന്‍ഗണനാടിസ്ഥാനത്തിലുള്ള സഹായവും മറ്റു സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രാസമ്മര്‍ദം കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ആര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭിക്കും?

ഇന്ത്യന്‍ റെയില്‍വെ നിശ്ചയിച്ച പ്രായപരിധിയുടെ അടിസ്ഥാനത്തിലാണ് മുതിര്‍ന്ന പൗരന്മാരുടെ യോഗ്യത നിശ്ചയിച്ചിരിക്കുന്നത്.

* 60 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍

* 58 വയസും അതില്‍ കൂടുതലുമുള്ള സ്ത്രീകള്‍

* യാത്രയ്ക്കിടെ പ്രായം തെളിയിക്കുന്ന സാധുവായ രേഖ കൈവശം വയ്ക്കണം

ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം?

അംഗീകൃത റെയില്‍വേ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇളവ് ലഭിക്കും. ബുക്കിംഗ് സമയത്ത് ശരിയായ പ്രായവിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ഇളവ് നഷ്ടപ്പെടുന്നതിന് പുറമേ ടിക്കറ്റ് പരിശോധനയ്ക്കിടെ പിഴ ഈടാക്കാനും സാധ്യതയുണ്ട്. യാത്രക്കിടെ പ്രായ തെളിവ് കൈവശം വയ്ക്കുന്നതും മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്. ഇതിലൂടെ ഇഷ്ടപ്പെട്ട സീറ്റുകളോ ലോവര്‍ ബെര്‍ത്തുകളോ ലഭിക്കാന്‍ സാധ്യത വര്‍ധിക്കും. ട്രെയിനുകള്‍ക്ക് അനുസരിച്ച് സഹായസൗകര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ലഭ്യമായ സേവനങ്ങള്‍ മുന്‍കൂട്ടി പരിശോധിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it