Latest News

ലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഇനി ഓട്ടോമാറ്റിക് ഡോര്‍; തീരുമാനവുമായി റെയില്‍വേ മന്ത്രാലയം

ലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഇനി ഓട്ടോമാറ്റിക് ഡോര്‍; തീരുമാനവുമായി റെയില്‍വേ മന്ത്രാലയം
X

മുംബൈ: മുംബൈ സബര്‍ബനിലേക്കുള്ള എല്ലാ നിലവിലുള്ളതും പുതിയതുമായ ലോക്കല്‍ ട്രെയിനുകളുടെ കോച്ചുകളില്‍ ഓട്ടോമാറ്റിക് ഡോര്‍ ക്ലോസിംഗ് സൗകര്യം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രാലയം. ലോക്കല്‍ ട്രെയിനില്‍ നിന്ന് വീണ് നാലു യാത്രക്കാര്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണ് തീരുമാനം.

നിലവില്‍ സര്‍വീസിലുള്ള എല്ലാ ലോക്കല്‍ ട്രെയ്‌നുകളിലെയും കമ്പാര്‍ട്ടുമെന്റുകളിലെ വാതിലുകള്‍ മാറ്റുകയും ആട്ടോമാറ്റിക് ഡോര്‍ ക്ലോഷര്‍ സൗകര്യം ഒരുക്കുകയും ചെയ്യുമെന്ന് റെയില്‍വേ ബോര്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിലീപ് കുമാര്‍ പറഞ്ഞു.സുരക്ഷയാണ് റെയില്‍വേയുടെ മുന്‍ഗണനയെന്നും അത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇന്നലെയാണ്, മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ നിന്ന് താനെയിലെ കസാര പ്രദേശത്തേക്ക് പോവുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ ട്രാക്കിലേക്ക് വീണത്. അപകടത്തില്‍ നാലു പേര്‍ മരിച്ചു

ട്രെയിനിനുള്ളിലെ അനിയന്ത്രിത തിരക്കാണ് അപകട കാരണമെന്നാണ് സൂചന. അമിത തിരക്ക് കാരണം യാത്രക്കാര്‍ വാതിലുകളില്‍ തൂങ്ങിക്കിടക്കുകയായിരുന്നുവെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. തിക്കും തിരക്കും രൂക്ഷമായതോടെ ആളുകള്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Next Story

RELATED STORIES

Share it