Latest News

പഞ്ചാബി ഗായകന്റെ കൊലപാതകം;ആറുപേര്‍ അറസ്റ്റില്‍

ആക്രമണത്തിന് ഉപയോഗിച്ച തോക്കുകള്‍ കണ്ടെടുത്തു

പഞ്ചാബി ഗായകന്റെ കൊലപാതകം;ആറുപേര്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേര്‍ അറസ്റ്റില്‍. പഞ്ചാബ് പോലിസാണ് അറസ്റ്റ് ചെയ്തത്.രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഗുണ്ടാ പോരിന്റെ ഭാഗമായാണ് കൊലപാതകമെന്ന് പോലിസ് വ്യക്തമാക്കി.

കൊലപാതകത്തില്‍ പഞ്ചാബ് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. ആക്രമണത്തിന് ഉപയോഗിച്ച തോക്കുകള്‍ കണ്ടെടുത്തു.ആക്രമത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് പോലിസ് കണ്ടെത്തിയിട്ടുണ്ട്.കസ്റ്റഡിയിലെടുത്തവര്‍ക്ക് സിദ്ദുവിന്റെ കൊലപതകവുമായി ഏത് രീതിയിലുള്ള ബന്ധമാണുള്ളതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തില്‍ അംഗമായ കാനഡയില്‍ താമസിക്കുന്ന ലക്കി കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്ന് പോലിസ് വ്യക്തമാക്കി.

അതേസമയം സിദ്ദുവിന്റെ മരണത്തിന് ഉത്തരവാദി ആംആദ്മി സര്‍ക്കാരാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.പഞ്ചാബില്‍ സിദ്ദു ഉള്‍പ്പടെ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സിദ്ദു കൊല്ലപ്പെട്ടത്.ഇതിനെതിരേ പ്രതിഷേധമറിയിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

എഎപി പഞ്ചാബിനെ നശിപ്പിച്ചെന്ന് ബിജെപി കുറ്റപ്പെടുത്തി. പഞ്ചാബില്‍ ക്രമസമാധാനം തകര്‍ന്നെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കൊലപാതകമെന്ന് അകാലിദള്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തിന് ഉത്തരവാദി ഭഗവന്ത് മാനാണെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പഞ്ചാബ് പിസിസി അധ്യക്ഷന്‍ പ്രതികരിച്ചു.

പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയില്‍ വച്ച് ഇന്നലെയായിരുന്നു സിദ്ദു കൊലപ്പെട്ടത്.മാന്‍സയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവേയാണ് ആക്രമണം. കാറിന് നേരെ മുപ്പത് റൗണ്ടാണ് ആക്രമികള്‍ വെടിവെച്ചത്.ആക്രമത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കും പരിക്കേറ്റു. ആശുപത്രിയില്‍ എത്തിക്കും മുന്‍പേ സിദ്ദു മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

28 കാരനായ സിദ്ദു പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു.പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മാന്‍സയില്‍ നിന്ന് മല്‍സരിച്ചിരുന്നെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it