Latest News

കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ല; നേതാക്കള്‍ക്ക് കെപിസിസി അധ്യക്ഷന്റെ കര്‍ശന നിര്‍ദേശം

കോണ്‍ഗ്രസിന്റെ ഐക്യം തകര്‍ക്കുന്ന പരസ്യപ്രതികരണം പാടില്ല; നേതാക്കള്‍ക്ക് കെപിസിസി അധ്യക്ഷന്റെ കര്‍ശന നിര്‍ദേശം
X

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും പരസ്യപ്രതികരണങ്ങളും ആരുടെയും ഭാഗത്തു നിന്നുമുണ്ടാവരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി കര്‍ശന നിര്‍ദേശം നല്‍കി. ആഭ്യന്തര ജനാധിപത്യം പൂര്‍ണമായും ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. പരസ്യപ്രതികരണം പാര്‍ട്ടിക്ക് ഒട്ടും ഗുണകരമല്ല. ശശി തരൂര്‍ വിഷയവുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തില്‍ കോണ്‍ഗ്രസിന് അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നും നേതാക്കള്‍ പിന്തിരിയണം. മറ്റുവിഷയങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യും. കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും ശശി തരൂരിനുണ്ട്.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവായ ശശി തരൂരിന് ബന്ധപ്പെട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി കൂടിയാലോചിച്ച് ഔദ്യോഗിക പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ ഒരു തടസ്സവുമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. പാര്‍ട്ടിയും പോഷക സംഘടനകളും ഇടത് സര്‍ക്കാരിന്റെ ജനദ്രോഹഭരണത്തിനെതിരായ പോര്‍മുഖത്താണ്. അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളെ ഗൗരവത്തോട് കൂടിയാണ് കെപിസിസി നോക്കിക്കാണുന്നത്. കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ അഹോരാത്രം കഷ്ടപ്പെടുന്ന നേതാക്കള്‍ മോശക്കാരാണെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളിലും മറ്റും നടക്കുന്ന പ്രചരണങ്ങളുടെ പിന്നിലെ ദുരുദ്ദേശത്തെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല.

ഒരുകാലത്തും കാണാത്ത ഐക്യത്തോടെ നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ചുനീങ്ങുമ്പോള്‍ അതിനെ തുരങ്കംവയ്ക്കുന്ന എല്ലാ ശ്രമങ്ങളെയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. നേതാക്കളുടെ സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികളുണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ കെപിസിസി കര്‍ശന നിര്‍ദേശം ഡിസിസികള്‍ക്ക് നല്‍കിയിട്ടുണ്ട്. പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ശശി തരൂരിനെ തടഞ്ഞെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത് അദ്ദേഹവും നിഷേധിച്ചിട്ടുണ്ട്. വിവാദങ്ങള്‍ മാധ്യമസൃഷ്ടിയാണ്. അത്തരം വ്യാജപ്രചരണങ്ങളില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ നേതാക്കളും പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it