Latest News

യുഎസ്സിലെ കൊവിഡ് ഫണ്ട് ഹിന്ദുത്വ സംഘടനകള്‍ക്ക് നല്‍കുന്നു; അല്‍ ജസീറയില്‍ വിമര്‍ശന ലേഖനമെഴുതിയവര്‍ക്കെതിരേ അമേരിക്കന്‍ ഫൗണ്ടേഷന്റെ പരാതിയില്‍ കേസ്

യുഎസ്സിലെ കൊവിഡ് ഫണ്ട് ഹിന്ദുത്വ സംഘടനകള്‍ക്ക് നല്‍കുന്നു; അല്‍ ജസീറയില്‍ വിമര്‍ശന ലേഖനമെഴുതിയവര്‍ക്കെതിരേ അമേരിക്കന്‍ ഫൗണ്ടേഷന്റെ പരാതിയില്‍ കേസ്
X

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിരോധത്തിനു നീക്കവച്ച ഫണ്ട് ഹിന്ദുത്വ അജണ്ടയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കുന്നുവെന്ന് അല്‍ജസീറയില്‍ വാര്‍ത്തയും ലേഖനവും എഴുതിയവര്‍ക്കെതിരേ കേസ്. അക്കാദമിക വിദഗ്ധന്‍ ഓഡ്രി ട്രഷ്‌കെ അടക്കം നാല് പേര്‍ക്കെതിരേയാണ് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അഡ്വക്കസി ഗ്രൂപ്പിന്റെ പരാതിയില്‍ കേസെടുത്തത്.

ഇത്തരത്തിലുള്ള കേസുകള്‍ അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണെന്ന് ആരോപിച്ച് നിരവധി പ്രമുഖര്‍ രംഗത്തുവന്നിട്ടുണ്ട്. ലേഖനങ്ങള്‍ക്കെതിരേ അപകീര്‍ത്തിക്കേസെടുത്ത നടപടിയെ വിമര്‍ശിക്കുന്നതോടൊപ്പം നിയമനടപടി നേരിടുന്നവര്‍ക്കൊപ്പം നില്‍ക്കുമെന്നും വിവിധ തുറകളില്‍നിന്നുള്ളവര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു.

8,33,000 ഡോളറിന്റെ കൊവിഡ് ഫണ്ട് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷനും സമാനമായ നാല് യുഎസ് ഫൗണ്ടേഷനുകളിലേക്കുമായി വിതരണം ചെയ്തുവെന്ന റിപോര്‍ട്ട് ഏപ്രിലിലാണ് അല്‍ ജസീറ പ്രസിദ്ധീകരിച്ചത്. ഹിന്ദു വംശീയവാദികള്‍ക്ക് പണം നല്‍കുന്നതിനെ ലേഖര്‍ വിമര്‍ശിച്ചിരുന്നു.

മൂന്ന് പദ്ധതികളിലായി വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍, ഏകാല്‍ വിദ്യാലയ ഫൗണ്ടേഷന്‍, ഇന്‍ഫിനിറ്റി ഫൗണ്ടേഷന്‍, സേവ ഇന്റര്‍നാഷണല്‍ എന്നീ ഹിന്ദുത്വ സംഘടനകള്‍ക്കാണ് ഫണ്ട് നല്‍കിയത്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് വന്ന നഷ്ടം നികത്തുന്നതിനും തൊഴിലാളികളെ ജോലിക്ക് വയക്കുന്നതിനും നീക്കിവച്ചതാണ് ഈ ഫണ്ട്.

കൊയലീഷന്‍ ടു സ്റ്റോപ്പ് ജിനോസൈഡ് ഇന്‍ ഇന്ത്യ എന്ന സംഘടനയുടെ അഭിപ്രായങ്ങള്‍ ലേഖകര്‍ ഉദ്ധരിച്ചിരുന്നു. പണം ലഭിച്ച സംഘടനകള്‍ക്ക് ആര്‍എസ്എസ്സുമായി ബന്ധമുണ്ടെന്നായിരുന്നു ലേഖകര്‍ വിശദീകരിക്കാന്‍ ശ്രമിച്ചത്. ലഭിച്ച പണം കൂടുതല്‍ വിദ്വേഷപ്രചാരണത്തിനു ഉപയോഗിക്കുമെന്ന ആശങ്കയും ലേഖകര്‍ പ്രകടിപ്പിച്ചിരുന്നു.

മെയ് ഏഴിനാണ് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ലേഖകര്‍ക്കെതിരേ അപകീര്‍ത്തിക്കേസ് നല്‍കിയത്. സുനിതാ വിശ്വാനാഥ്, രാജഗോപാല്‍ എന്നിവരാണ് പരാതിയില്‍ ഒപ്പുവച്ചത്.

റൂട്ട്ഗര്‍ സര്‍വകലാശാല പ്രഫസര്‍ ഓഡ്രി ട്രഷ്‌കെക്കെതിരേയും കേസെടുത്തിട്ടുണ്ട്. ലേഖനം ട്വീറ്റ് ചെയ്തുവെന്നാണ് പരാതി.

കേസിനെതിരേ 300ഓളം എഴുത്തുകാരും അക്കാദമികരും മറ്റ് ബുദ്ധിജീവികളും ഒപ്പിട്ട് ഒരു പ്രതിഷേധപ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അമിതവ്ഘോഷ്, പ്രൊഫസര്‍ നോം ചോംസ്‌കി, സാമ്പത്തിക ശാസ്ത്രജ്ഞന്‍ മേഘനാട് ദേശായി എന്നിവരാണ് ഒപ്പുവച്ചവരില്‍ ചിലര്‍.

സുനിതാ വിശ്വാനാഥും രാജഗോപാലും അഭിപ്രായസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. അഭിപ്രായസ്വാതന്ത്ര്യത്തിന് അനുകൂലമായി കോടതി വിധി പ്രസ്താവിക്കണമെന്ന് പ്രസ്താവന ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it