Latest News

കുറുക്കന്‍മൂലയിലെ കടുവയെ പിടികൂടാന്‍ വൈകുന്നു; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്രതിഷേധങ്ങള്‍ക്കിടയില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ കൈയാങ്കളി

കുറുക്കന്‍മൂലയിലെ കടുവയെ പിടികൂടാന്‍ വൈകുന്നു; നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും
X

കല്‍പ്പറ്റ: വയനാട് മാനന്തവാടി കുറുക്കന്‍മൂലയില്‍ കടുവയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുന്നു. ഇന്നലെ രാത്രിയും ഇവിടെ കടുവയെ കണ്ടതായി നാട്ടുകാര്‍ ആരോപിച്ചു. ഇതിന് പിന്നാലെ സ്ഥലത്ത് തിരച്ചിലിന് എത്തിയ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കടുവയെ പിടികൂടാനുള്ള നടപടികള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഇന്നലെ രാത്രി കടുവയെ കണ്ട വിവരം അറിയിച്ചിട്ടും അധികൃതര്‍ എത്തിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നാലെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലെത്തി. സംഘര്‍ഷത്തിനിടെ നഗരസഭാ കൗണ്‍സിലറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൈയേറ്റം ചെയ്തതായും ആരോപണമുണ്ട്.

പ്രതിഷേധിച്ച നാട്ടുകാര്‍ പുതിയേടത്ത് റോഡ് ഉപരോധിക്കുകയും ചെയ്തു. കൗണ്‍സിലറെയും പ്രദേശവാസികളെയും തടഞ്ഞ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ മാപ്പുപറയാതെ പ്രദേശം വിട്ടുപോവാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. അതേസമയം, കൂറുക്കന്‍ മൂലയിലെ തിരച്ചില്‍ വ്യാപകമാക്കുകയാണ് വനം വകുപ്പ്.

180 വനം വകുപ്പ് ജീവനക്കാരും 30 പോലിസുകാരും ഉള്‍പ്പെട്ട സംഘമാണ് തിരച്ചിലിനെത്തുന്നത്. ഇന്നലെ രാത്രിയും കടുവയെ കണ്ടെന്ന നാട്ടുകാരുടെ പരാതിയില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാല്‍, കടുവയുടെ കാല്‍പ്പാടുകളുള്ളതായി വനംവകുപ്പ് സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it