Latest News

അച്ചടക്ക നടപടിയില്‍ പ്രതിഷേധം; പൊന്നാനിയില്‍ സിപിഎം ഏരിയാ കമ്മിറ്റി നേതാവ് രാജിവച്ചു

ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ചാണ് സിപിഎം ഏരിയ കമ്മറ്റി നേതാവ് ആറ്റുണ്ണി തങ്ങളുടെ രാജി

അച്ചടക്ക നടപടിയില്‍ പ്രതിഷേധം; പൊന്നാനിയില്‍ സിപിഎം ഏരിയാ കമ്മിറ്റി നേതാവ് രാജിവച്ചു
X

പൊന്നാനി: വെളിയങ്കോട് സിപിഎം ഏരിയ കമ്മറ്റി നേതാവും, മുന്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ആറ്റുണ്ണി തങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി.

ടി എം സിദ്ദീഖിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയതുള്‍പ്പടെ പത്തു പേര്‍ക്കെതിരെയാണ് പൊന്നാനിയില്‍ സിപിഎം നടപടി സ്വീകരിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ പരസ്യ പ്രതിഷേധത്തിന്റെ പേരിലായിരുന്നു സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മറ്റി നടപടി സ്വീകരിച്ചത്.ഈ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ആറ്റുണ്ണി തങ്ങളുടെ രാജി.നിയമാസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ പി നന്ദകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടി അണികള്‍ ടിഎം സിദ്ദീഖിന്റെ നേതൃത്വത്തിലായിരുന്നു പരസ്യമായി രംഗത്തുവന്നത്.

നേരത്തെ പൊന്നാനി ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതിയോഗത്തില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ വിട്ടുനിന്നത്തിനു പിന്നാലെയാണ് പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. അച്ചടക്ക നടപടി സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നതിനു മുമ്പ് നടപടി ജില്ലാ നേതൃത്വം പുനഃപരിശോധിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സാഹചര്യത്തില്‍ അച്ചടക്ക നടപടി അംഗീകരിക്കാനാവില്ല എന്നായിരുന്നു പ്രവര്‍ത്തകരുടെ വാദം.

ടി എം സിദ്ധിഖിനെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടിയില്‍ ഏരിയ സെക്രട്ടറി പി കെ ഖലീമുദ്ധീനെതിരെ ഏരിയ കമ്മറ്റിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. വരും ദിവസങ്ങളിലും കൂടുതല്‍ രാജി ഉണ്ടാകുമെന്നാണ് സൂചന.


Next Story

RELATED STORIES

Share it