Latest News

പ്രഫ. കടവനാട് മുഹമ്മദ് മെമ്മോറിയല്‍ പ്രഥമ പുരസ്‌കാരം ഡോ. ശശി തരൂര്‍ എംപിക്ക് നല്‍കും

പ്രഫ. കടവനാട് മുഹമ്മദ് മെമ്മോറിയല്‍ പ്രഥമ പുരസ്‌കാരം ഡോ. ശശി തരൂര്‍ എംപിക്ക് നല്‍കും
X

മലപ്പുറം: വിദ്യാഭ്യാസ വിചക്ഷണനും ചരിത്രകാരനും എം ഇ എസ് സംസ്ഥാന ജനറല്‍ സെക്രട്രറിയുമായിരുന്ന പ്രഫ. കടവനാട് മുഹമ്മദിന്റെ നാമധേയത്തിലുള്ള പ്രഥമ പ്രൊഫ. കടവനാട് മുഹമ്മദ് മെമ്മോറിയല്‍ പുരസ്‌കാരം ഡോ. ശശി തരൂര്‍ എം പി യ്ക്ക് നല്‍കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുരസ്‌ക്കാരദാനം നിര്‍വ്വഹിക്കുന്നത്. എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ പി എ ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. അലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും.എഴുത്തുകാരായ പ്രൊഫ. എം എന്‍ കാരശ്ശേരി, പി സുരേന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരുള്‍പ്പെടുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.

ഉയര്‍ന്ന മതേതരബോധവും സമഗ്രമായ ജനാധിപത്യചിന്തയും ധൈഷണിക-തത്വചിന്താ മേഖലകളിലെ അഭൂതപൂര്‍വ്വമായ സംഭാവനകളും സാമൂഹിക പ്രവര്‍ത്തനത്തിലെ ഔന്നത്യവും കണക്കിലെടുത്താണ് പുരസ്‌കാരം.ഡോ ശശി തരൂര്‍ എംപിയുടെ ആദര്‍ശധീരതയും സെക്കുലിസത്തിന്റെ പ്രചരണത്തിനായുള്ള നിതാന്ത പരിശ്രമങ്ങളും ധൈഷണികമായ ഉള്‍ക്കാഴ്ചയും എഴുത്തുകാരനെന്ന നിലയിലുള്ള ഉള്‍ക്കരുത്തും വാഗ്മിത്വവും സമൂഹത്തിന് മാതൃകയാണെന്ന് ജൂറി വിലയിരുത്തി. ആഗോള പൗരന്‍ എന്ന നിലയിലുള്ള അടയാളപ്പെടുത്തലുകളും സാമൂഹ്യ സേവനത്തിലുള്ള നിരന്തര സംഭാവനകളും പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പതിറ്റാണ്ടുകളായുള്ള പരിചയസമ്പത്തും രാജ്യാന്തര നയതന്ത്രത്തിലുള്ള പക്വതയും ഡോ. ശശിതരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നതായും ജൂറി അഭിപ്രായപ്പെട്ടു.

മതേതരത്വത്തിന്റെ കരുത്തിനും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടിയുള്ള എഴുത്തുകളാലും പ്രഭാഷണങ്ങളാലും മുഖരിതമായിരുന്നു പ്രൊഫ. കടവനാട് മുഹമ്മദിന്റെ ജീവിതം. അദ്ധേഹം പ്രതിനിധീകരിച്ച ആദര്‍ശവും ചിന്താധാരയും രാഷ്ട്രീയ സമീപനവുമാണ് ഡോ. ശശിതരൂര്‍ എംപിയുടേത്. ആ അര്‍ത്ഥത്തില്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ ഐക്യം കൂടിയാണ് ഈ പുരസ്‌കാര വിതരണം.

പി പി സുനീര്‍ എം പി, പി നന്ദകുമാര്‍ എം എല്‍ എ , നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ എം കെ സക്കീര്‍ , പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ആറ്റുപുറം ശിവദാസ് , സി ഹരിദാസ് , പി സുരേന്ദ്രന്‍, അഷറഫ് കോക്കൂര്‍, പി ടി അജയ്‌മോഹന്‍ ,എം എം നാരായണന്‍, കെ പി നൗഷാദലി, അജിത് കൊളാടി, എം ജയരാജ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നു.2025 ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എം ഇ എസ് പൊന്നാനി കോളേജിലാണ് പുരസ്‌കാരവിതരണം നടക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ എം ഇ എസ് സംസ്ഥാന ട്രഷറര്‍ ഒ സി സലാഹുദ്ധീന്‍, എം ഇ എസ് പൊന്നാനി കോളേജ് സെക്രട്രറി പ്രൊഫ. മുഹമ്മദ് സഗീര്‍ കാദിരി, എം ഈ എസ് കുറ്റിപ്പുറം എഞ്ചിനീയറിംഗ് കോളേജ് സെക്രട്ടറി കെ വി ഹബീബുള്ള,എം ഇ എസ് പൊന്നാനി സ്‌കൂള്‍ കമ്മറ്റി സെക്രട്ടറിയും ചരിത്രകാരനുമായ ടി വി അബ്ദുറഹ്‌മാന്‍ കുട്ടി മാസ്റ്റര്‍, എം ഇ എസ് പൊന്നാനി താലൂക്ക് കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് ഇക്ബാല്‍, എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it