Latest News

അഴിമതി കേസുകളിലെ മുന്‍കൂര്‍ അനുമതി വ്യവസ്ഥ; സുപ്രിം കോടതിയില്‍ ഭിന്നവിധി

അഴിമതി കേസുകളിലെ മുന്‍കൂര്‍ അനുമതി വ്യവസ്ഥ; സുപ്രിം കോടതിയില്‍ ഭിന്നവിധി
X

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അഴിമതി കേസുകളില്‍ അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് അധികാരിയുടെ അനുമതി നിര്‍ബന്ധമാക്കിയ 2018ലെ അഴിമതി നിരോധന നിയമ ഭേദഗതിയിലെ സെക്ഷന്‍ 17എ യുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹരജിയില്‍ ഭിന്നവിധിയുമായി സുപ്രിംകോടതി. ജസ്റ്റിസ് ബി വി നാഗരത്‌നയും ജസ്റ്റിസ് കെ വി വിശ്വനാഥനും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. സെക്ഷന്‍ 17എ ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് ജസ്റ്റിസ് നാഗരത്‌ന സ്വീകരിച്ചപ്പോള്‍, സത്യസന്ധരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനുള്ള അനിവാര്യ വ്യവസ്ഥയാണിതെന്ന് ജസ്റ്റിസ് വിശ്വനാഥന്‍ വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍ അന്തിമ തീരുമാനത്തിനായി കേസ് വിശാല ബെഞ്ചിന് കൈമാറാന്‍ തീരുമാനിച്ചു. വിഷയം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരിഗണനയ്ക്ക് വിട്ടു.

മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കുന്ന വ്യവസ്ഥ അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും, ഇത് അന്വേഷണ നടപടികളെ ദുര്‍ബലപ്പെടുത്തുകയും അഴിമതിക്കാരെ സംരക്ഷിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയുമാണെന്ന് ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. മറുവശത്ത്, സെക്ഷന്‍ 17എ റദ്ദാക്കുന്നത് 'കുഞ്ഞിനെ കുളിവെള്ളത്തോടൊപ്പം എറിയുന്നതിന് തുല്യമാകും' എന്ന് ജസ്റ്റിസ് കെ വി വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു.

2018 ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന 1988ലെ അഴിമതി നിരോധന നിയമ ഭേദഗതിയിലെ സെക്ഷന്‍ 17എ പ്രകാരം, ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്ന സര്‍ക്കാര്‍ ഡീവനക്കാര്‍ക്കെതിരേ യോഗ്യതയുള്ള അധികാരിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ അന്വേഷണം നടത്താന്‍ കഴിയില്ല. ഭേദഗതി ചെയ്ത സെക്ഷന്‍ 17എയുടെ സാധുത ചോദ്യം ചെയ്ത് 'സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍' (സിപിഐഎല്‍) എന്ന എന്‍ജിഒ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിംകോടതി പരിഗണന നടത്തിയത്.

Next Story

RELATED STORIES

Share it