Latest News

ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് തപാല്‍വോട്ട്; ക്രമീകരണങ്ങള്‍ ഇങ്ങനെ

ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് തപാല്‍വോട്ട്; ക്രമീകരണങ്ങള്‍ ഇങ്ങനെ
X

കോട്ടയം: ഏപ്രില് ആറിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തുകളില്‍ എത്താന്‍ കഴിയാത്തവരെ ആബ്‌സന്റീ വോട്ടര്‍മാരായി പരിഗണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തപാല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തും. 80 വയസു പിന്നിട്ടവര്‍, ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍, കൊവിഡ് ബാധിതര്‍, കൊവിഡ് ക്വാറന്റയിന്‍ കഴിയുന്നവര്‍, അവശ്യ സേവന വിഭാഗങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്കാണ് തപാല്‍ വോട്ടു ചെയ്യാന്‍ കഴിയുക.

ആദ്യത്തെ നാലു വിഭാഗങ്ങളിലുള്ളവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ടു ചെയ്യാം. അവശ്യ സേവന വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് തപാല്‍ വോട്ടു ചെയ്യുന്നതിനായി ഓരോ മണ്ഡലത്തിലും പ്രത്യേക വോട്ടിംഗ് കേന്ദ്രം സജ്ജമാക്കും.

തപാല്‍ വോട്ടു ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വോട്ടര്‍ വരണാധികാരിയെ അറിയിക്കുന്നതാണ് ആദ്യ പടി. ഇതിനായി 12 ഡി എന്ന ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി നല്‍കണം. ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ ഈ ഫോറം മാര്‍ച്ച് 17നു മുന്‍പ് ഇത്തരം വോട്ടര്‍മാര്‍ക്ക് എത്തിച്ചു നല്‍കി പൂരിപ്പിച്ച് തിരികെ വാങ്ങും.

ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിയുണ്ടെന്ന് വ്യക്തമാക്കുന്ന സാക്ഷ്യപത്രം കൂടി ഇതോടൊപ്പം നല്‍കേണ്ടതാണ്.

കൊവിഡ് രോഗികളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ക്വാറന്റയിനില്‍ കഴിയുന്നവരും അതു സംബന്ധിച്ച് നിര്‍ദ്ദിഷ്ഠ ഫോറത്തിലുള്ള സാക്ഷ്യപത്രവും 12 ഡി ഫോറത്തിനൊപ്പം ബി.എല്‍.ഒയെ ഏല്‍പ്പിക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച് ഫോറം 12 ഡി സമര്‍പ്പിച്ചവര്‍ക്ക് വരണാധികാരി തപാല്‍ ബാലറ്റ് പേപ്പര്‍ അനുവദിക്കും. ഇതോടൊപ്പം വോട്ടര്‍പട്ടികയില്‍ ഇവരുടെ പേരിനു നേരെ പോസ്റ്റല്‍ ബാലറ്റ് എന്നതിന്റെ ചുരുക്കെഴുത്തായ പി.ബി എന്ന് മാര്‍ക്ക് ചെയ്യും. ഇത്തരത്തില്‍ മാര്‍ക്ക് ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഈ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ എത്തി വോട്ടു ചെയ്യാനാവില്ല.

തപാല്‍ ബാലറ്റുകള്‍ വോട്ടര്‍ക്ക് നല്‍കുന്നതിന് പ്രത്യേക പോളിംഗ് സംഘങ്ങളെ വരണാധികാരിമാര്‍ നിയോഗിച്ചിട്ടുണ്ട്. മുന്‍കൂട്ടി അറിയിച്ചശേഷമായിരിക്കും ഇവര്‍ വോട്ടര്‍മാരുടെ പക്കലെത്തുക. ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷം തപാല്‍ ബാലറ്റ് പേപ്പറും ഫോറം 13 എയിലുള്ള സത്യപ്രസ്താവന, ഫോറം 13 ബി എന്ന ചെറിയ കവര്‍, ഫോറം 13 സി എന്ന വലിയ കവര്‍ എന്നിവയും നല്‍കുന്നതാണ്.

സ്വകാര്യത ഉറപ്പാക്കി വോട്ടു ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ എത്തുക. പോസ്റ്റല്‍ ബാലറ്റില്‍ ആരുടെയും സ്വാധീനത്തിന് വിധേയമല്ലാതെതന്നെ സ്ഥാനാര്‍ഥിയുടെ പേരിനു നേരെ ശരി ചിഹ്നമോ ഗുണന ചിഹ്നമോ രേഖപ്പെടുത്തി വോട്ടു ചെയ്യാം.

പോളിംഗ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ കഴിയൂ. ബാലറ്റ് പേപ്പറും അനുബന്ധ രേഖകളും കൈപ്പറ്റി പിന്നീട് നേരിട്ടോ ദൂതന്‍മുഖേനയോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാന്‍ കഴിയില്ല.

അന്ധര്‍ക്കും വോട്ടു രേഖപ്പെടുത്താന്‍ കഴിയാത്തവിധം ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കും മുതിര്‍ന്ന ഒരാളുടെ സഹായത്തോടെ വോട്ടു ചെയ്യാവുന്നതാണ്.

Next Story

RELATED STORIES

Share it