Latest News

പോന്‍സി കുംഭകോണം; നടന്നത് 49,000 കോടിയുടെ സാമ്പത്തികതട്ടിപ്പ്; വഞ്ചിക്കപ്പെട്ടത് അഞ്ച് കോടിയിലധികം നിക്ഷേപകര്‍

പോന്‍സി കുംഭകോണം; നടന്നത് 49,000 കോടിയുടെ സാമ്പത്തികതട്ടിപ്പ്; വഞ്ചിക്കപ്പെട്ടത് അഞ്ച് കോടിയിലധികം നിക്ഷേപകര്‍
X

ലഖ്‌നോ: പോന്‍സി സ്‌കീം കേസില്‍ നടന്നത് 49,000 കോടി രൂപയുടെ തട്ടിപ്പ്. അഞ്ച് കോടിയിലധികം നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടത്. നിലവില്‍ കേസിലെ പ്രതികളെ പോലിസ് പിടികൂടി വരികയാണ്. പിഎസിഎല്‍ എന്ന കമ്പനിയുടെ പേരില്‍ നടന്ന തട്ടിപ്പില്‍, മലയാളികളടക്കം വഞ്ചിക്കപ്പെട്ടു എന്നാണ് റിപോര്‍ട്ടുകള്‍. ഇതുവരെ 10 പേരെ പ്രതിയാക്കിയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ നാലു പേര്‍ നിലവില്‍ ജയിലിലാണ്. പിഎസിഎല്‍ ഡയറക്ടറായ ഗുര്‍നാം സിങിനെയും പോലിസ് അറസറ്റ് ചെയ്തു. പഞ്ചാബിലെ രൂപ്നഗറില്‍ നിന്നാണ് ഇയാളെ ഉത്തര്‍പ്രദേശ് പോലിസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, ബീഹാര്‍, കേരളം എന്നിവയുള്‍പ്പെടെ 10 സംസ്ഥാനങ്ങളിലായി അഞ്ച് കോടിയിലധികം നിക്ഷേപകരെ കബളിപ്പിച്ചായിരുന്നു ഗുര്‍നാം സിങിന്റെ തട്ടിപ്പ്.ഭൂമി പ്ലോട്ടുകളും വ്യാജ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ പ്രകാരം ഉയര്‍ന്ന വരുമാനവും വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കുകയാണ് കമ്പനിയുടെ രീതി. പുതിയ നിക്ഷേപകരില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ആദ്യകാല നിക്ഷേപകര്‍ക്ക് പണം നല്‍കിയിരുന്നത്, കൂടാതെ ഏജന്റുമാര്‍ക്ക് വലിയ കമ്മീഷനുകള്‍ ലഭിക്കുകയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ടുവരാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി വമ്പിച്ച സെമിനാറുകളാണ് കമ്പനിയുടെ പേരില്‍ നടത്തിയത്.

1996ല്‍ ജയ്പൂരില്‍ ഗുരുവന്ത് അഗ്രോടെക് ലിമിറ്റഡ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി 2011ല്‍ പിഎസിഎല്‍ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ന്യൂഡല്‍ഹിയിലെ ബരാഖംബ റോഡിലാണ് കമ്പനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്. യുപിയില്‍, പ്രത്യേകിച്ച് മഹോബ, ജലൗണ്‍, സുല്‍ത്താന്‍പൂര്‍, ഫറൂഖാബാദ് എന്നിവിടങ്ങളില്‍ നൂറുകണക്കിന് ശാഖകളാണ് കമ്പനിക്കുള്ളത്. എന്നാല്‍, നിക്ഷേപകര്‍ക്ക് രസീതുകള്‍ നല്‍കിയെങ്കിലും ഭൂമിയോ വാഗ്ദാനം ചെയ്ത പണമോ കമ്പനി നല്‍കിയില്ല.

പിഎസിഎല്ലിനും കൂട്ടാളികള്‍ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സപ്ലിമെന്ററി പ്രോസിക്യൂഷന്‍ പരാതിയും ഫയല്‍ ചെയ്തിട്ടുണ്ട്. പിഎസിഎല്‍ സ്ഥാപകനും സാമ്പത്തിക കതട്ടിപ്പിന്റെ സൂത്രധാരനുമായ നിര്‍മ്മല്‍ സിങ് ഭാംഗുവിന്റെ മരുമകനായ ഹര്‍സതീന്ദര്‍ പാല്‍ സിങ് ഹയേറിന്റെ നിയന്ത്രണത്തിലുള്ള എംഡിബി ഹൗസിംഗ് ഉള്‍പ്പെടെയുള്ള ഷെല്‍ കമ്പനികള്‍ വഴി യുപിയില്‍ മാത്രം 19,000 കോടിയിലധികം രൂപയാണ് ആളുകളില്‍ നിന്നും പിരിച്ചെടുത്തത്. ഹയേര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. നിലവില്‍ കേസില്‍ പത്ത് പ്രതികളാണ് ഉള്ളത്. നാലുപേര്‍ ഇതിനോടകം തന്നെ ജയിലിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

Next Story

RELATED STORIES

Share it