Latest News

പോലിസ് സ്‌റ്റേഷന്‍ തീവയ്പ് കേസ്: ജനക്കൂട്ടം എത്തിയത് പോലിസ് രേഖകള്‍ നശിപ്പിക്കാനെന്ന് അസം പോലിസ്

പോലിസ് സ്‌റ്റേഷന്‍ തീവയ്പ് കേസ്: ജനക്കൂട്ടം എത്തിയത് പോലിസ് രേഖകള്‍ നശിപ്പിക്കാനെന്ന് അസം പോലിസ്
X

ഗുവാഹത്തി: അസമിലെ നാഗോണില്‍ പോലിസ് കസ്റ്റഡിയില്‍ മീന്‍കച്ചവടക്കാരന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് പോലിസ് സ്‌റ്റേഷന്‍ കത്തിച്ച ജനക്കൂട്ടം എത്തിയത് രേഖകള്‍ നശിപ്പിക്കാനാണെന്ന ആരോപണവുമായി അസം പോലിസ്. അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പോലിസ് ആരോപിച്ചു.

'ആക്രമണത്തിന്റെ വീഡിയോകളും ഫോട്ടോകളും അടിസ്ഥാനമാക്കിയുള്ള പുതിയ തെളിവുകള്‍ അനുസരിച്ച്, പോലിസ് സ്‌റ്റേഷന്‍ ആക്രമിക്കാനും രേഖകള്‍ നശിപ്പിക്കാനും ഉദ്ദേശിച്ചാണ് ജനക്കൂട്ടം കല്ലും പെട്രോളുമായി എത്തിയതെന്ന് നാഗോണ്‍ പോലിസ് സൂപ്രണ്ട് ലീന ഡോളി അവകാശപ്പെട്ടു.

ശനിയാഴ്ച വലിയൊരു ജനക്കൂട്ടമാണ് ബതദ്രവ പോലിസ് സ്റ്റേഷന്‍ അഗ്നിക്കിരയാക്കിയത്. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. 2 സ്ത്രീകളുള്‍പ്പെടെ ആറ് പേരെ ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തു.

സഫിഖുള്‍ ഇസ്‌ലാം എന്ന യുവാവാണ് പോലിസ് കസ്റ്റഡിയില്‍ മരിച്ചത്. പോലിസ് ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

പ്രതികളെന്ന് ആരോപിക്കപ്പെട്ടവരുടെ വീടുകള്‍ പോലിസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഏഴ് വീടുകളാണ് തകര്‍ത്തത്. കൊല്ലപ്പെട്ട ഇസ്ലാമിന്റെ വീടും തകര്‍ത്തിട്ടുണ്ട്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം പോലിസ് സ്‌റ്റേഷനിലേക്ക് കല്ലേറ് നടത്തുകയും ശേഷം, പോലിസുകാരൈ പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. പിന്നാലെ സ്‌റ്റേഷന്‍ കത്തിക്കുകയും ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് പോലിസുകാര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ത്തതെന്നാണ് പ്രദേശവാസികളുടെ ആരോപണം.

മദ്യം കുടിച്ച് ബോധമില്ലാത്ത അവസ്ഥയില്‍ ഇസ്ലാമിനെ കസ്റ്റഡിയിലെടുത്തെന്നാണ് പോലിസ് ആരോപിക്കുന്നത്. വീട്ടില്‍ പോയ ശേഷം ഭക്ഷണം കഴിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പോലിസ് അവകാശപ്പെടുന്നു. കുടുംബം ഇത് നിഷേധിച്ചു.

Next Story

RELATED STORIES

Share it