Latest News

പോലിസ് ചമഞ്ഞ് 35 ലക്ഷം തട്ടിയവര്‍ അറസ്റ്റില്‍

പോലിസ് ചമഞ്ഞ് 35 ലക്ഷം തട്ടിയവര്‍ അറസ്റ്റില്‍
X

കോഴിക്കോട് ബിസിനസില്‍ ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പോലിസ് ഉദ്യോഗസ്ഥരെന്ന് നടിച്ച് പണം കൈക്കലാക്കിയ സംഘത്തെയാണ് പന്തീരാങ്കാവ് പൊലീസും ഫറോക്ക് എ.സി.പി സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.കടലുണ്ടി സ്വദേശിയായ തൊണ്ടിക്കോടന്‍ വസീം എന്നയാളാണ് ഈ തട്ടിപ്പിന്റെ പ്രധാന ആസൂത്രകന്‍.

ബിസിനസ്സില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് വസീം പരാതിക്കാരനെ സമീപിച്ചു. ഈ വാഗ്ദാനത്തില്‍ വീണ് 35 ലക്ഷം രൂപയുമായി പരാതിക്കാരന്‍ എത്തി. പോലിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പണം കൈമാറുന്ന സമയത്ത് വസീമിന്റെ സുഹൃത്തുക്കളായ പുത്തൂര്‍മഠം സ്വദേശി ഷംസുദ്ദീന്‍, കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് റാഫി എന്നിവര്‍ സ്ഥലത്തെത്തി.

പണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്ന് പറഞ്ഞ് പരാതിക്കാരനെ ഇവര്‍ ഭീഷണിപ്പെടുത്തി, പണവും ഇയാളെയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയാണെന്ന് വരുത്തിത്തീത്തു. പോലിസ് ആണെന്ന് വിശ്വസിപ്പിച്ച് പണം കൈക്കലാക്കിയ ശേഷം, ഇത് തട്ടിപ്പാണെന്ന് പരാതിക്കാരന് പിന്നീട് മനസ്സിലായി. തുടര്‍ന്ന് ഇയാള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പോലിസ് പിടികൂടിയത്.

പ്രതികളായ തൊണ്ടിക്കോടന്‍ വസീം, ഷംസുദ്ദീന്‍, മുഹമ്മദ് റാഫി എന്നിവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചു. പണം കൈകാര്യം ചെയ്യുമ്പോള്‍ അതിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും, സംശയകരമായ സാഹചര്യങ്ങളില്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it