Latest News

പെരിന്തല്‍മണ്ണയിലെ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകളില്‍ പരിശോധന പൂര്‍ത്തിയായി

പെരിന്തല്‍മണ്ണയിലെ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകളില്‍ പരിശോധന പൂര്‍ത്തിയായി
X

പെരിന്തല്‍മണ്ണ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പെരിന്തല്‍മണ്ണയിലുള്ളവര്‍ക്കായി നഗരസഭ പ്രത്യേകം സജ്ജമാക്കിയ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധന പൂര്‍ത്തിയായി. നഗരസഭയിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന നടത്തിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയിലെത്താന്‍ ആളുകള്‍ മടിക്കുകയും ലോക്ക് ഡൗണ്‍ നിയന്ത്രണം മൂലം രോഗികള്‍ പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നഗരസഭ ഓരോ വര്‍ഡുകളും കേന്ദ്രീകരിച്ച് മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക് ഒരുക്കിയത്. മൂന്നു ദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 15 വാര്‍ഡുകളിലെ 34 കേന്ദ്രങ്ങളിലായി 1150 രോഗികള്‍ക്ക് ചികില്‍സ നല്‍കി. 36,600 രൂപയുടെ മരുന്നുകളും സൗജന്യമായി നല്‍കി.

എല്ലാ മാസവും തുടര്‍ച്ചയായി ഡോക്ടറെ കാണുന്നവര്‍ക്കെല്ലാം ക്ലിനിക്ക് ഏറെ ആശ്വാസമായിരുന്നു. വാര്‍ഡുകളില്‍ കിടപ്പിലായ രോഗികളെ വീടുകളിലെത്തിയും മെഡിക്കല്‍സംഘം പരിശോധിച്ചു. മെഡിക്കല്‍ സംഘത്തില്‍ ഒരു ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫ്, ആശാവര്‍ക്കര്‍ എന്നിവരാണുണ്ടായിരുന്നത്. അത്യാവശ്യ മരുന്നുകളും, മെഡിക്കല്‍ ഉപകരണങ്ങളുംമെഡിക്കല്‍ ക്ലിനിക്കില്‍ ഒരുക്കിയിരുന്നു. ഇത്തരത്തില്‍ അഞ്ചു മെഡിക്കല്‍ യൂനിറ്റുകളാണ് പ്രവര്‍ത്തിച്ചിരുന്നത്. പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രി, കിംസ് അല്‍ഷിഫാ ആശുപത്രി, ആമിന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് മെഡിക്കല്‍ ക്ലിനിക്കുകളില്‍ രോഗികളെ പരിശോധിച്ചത്. ആവശ്യമെങ്കില്‍ മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം വീണ്ടും സജ്ജമാക്കും.

Next Story

RELATED STORIES

Share it