Latest News

വെളളക്കെട്ട് ഭീഷണിയില്‍ ജനം: മാളയില്‍ വെള്ളത്തിന് ഒഴുകാന്‍ വഴിയില്ല

വെളളക്കെട്ട് ഭീഷണിയില്‍ ജനം: മാളയില്‍ വെള്ളത്തിന് ഒഴുകാന്‍ വഴിയില്ല
X

മാള: വെള്ളത്തിന് ഒഴുകാനുള്ള വഴികള്‍ അടഞ്ഞതോടെ വടമ സ്‌കൂളിന് സമീപമുള്ള റോഡ് വെള്ളത്തിലായി. തോടുകള്‍ അടഞ്ഞതാണ് വെള്ളത്തിന്റെ ഒഴുക്ക് ഇല്ലാതാകാന്‍ കാരണമായത്. പല ചെറുതോടുകളും പൂര്‍ണമായും ഇല്ലാതായ അവസ്ഥയിലാണ്. വലിയ വെള്ളക്കെട്ട് റോഡില്‍നിന്ന് പുരയിടങ്ങളിലേക്കും എത്തിയിട്ടുണ്ട്. സമീപത്തെ പാടശേഖരത്തിലൂടെ വരുന്ന വെള്ളമാണ് കെട്ടിനില്‍ക്കുന്നത്.

മഴക്കാലത്തിനുമുമ്പ് തോടുകള്‍ ശുചിയാക്കാത്തതും തുറക്കാത്തതുമാണ് ഇപ്പോള്‍ വെള്ളക്കെട്ടിനിടയാക്കിയിട്ടുള്ളത്. കയ്യേറ്റം നടത്തിയ തോട് മാള ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിച്ചിട്ടും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിരവധി ചെറുതോടുകളാണ് നികത്തിപ്പോയിട്ടുള്ളത്. ശേഷിക്കുന്ന തോടുകള്‍ സംരക്ഷിക്കാതെ മൂടിക്കിടക്കുന്ന അവസ്ഥയിലുമാണ്. സ്‌കൂളിന് അല്‍പ്പം മാറി റോഡിന് എതിര്‍വശത്ത് വിവിധ പ്രതിമകള്‍ നിര്‍മാണം നടത്തുന്നയിടത്തും വെള്ളം കയറിയിരിക്കയാണ്.

പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ പകരപ്പിള്ളി അച്ചന്‍കുളത്ത് സമീപത്തെ പാടശേഖരം കവിഞ്ഞാണ് വെള്ളം കയറുന്നത്. പ്രദേശത്തെ പത്തോളം വീടുകളെ വെള്ളകെട്ട് ബാധിച്ചു. ഗ്രാമപഞ്ചായത്തിലെ താഴ്ന്ന പ്രദേശമായതിനാല്‍ എല്ലാ വര്‍ഷവും മഴക്കെടുതി ഉണ്ടാകാറുണ്ട്. ഇവിടത്തെ റോഡിലും വെള്ളം കയറുന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കരിങ്ങോള്‍ചിറ പൂര്‍ണമായും തുറന്ന് വെള്ളം ഒഴുക്കിവിടുന്നുണ്ടെങ്കിലും മഴ ശക്തമായതോടെ പ്രദേശത്ത് വെള്ളക്കെട്ട് ഒഴിയാതെ തുടരുകയാണ്. ഒന്നര ദിവസത്തോളം മാറിനിന്ന മഴ ഇന്നലെ ഉച്ചക്ക് ശേഷം ശക്തമായതോടെ ഭീഷണി വര്‍ധിച്ചു.

Next Story

RELATED STORIES

Share it