Latest News

പെഗാസസ് വിവാദം: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പാളംതെറ്റിക്കാനുള്ള ഗൂഢാലോചനയെന്ന് ഹരിയാന മുഖ്യമന്ത്രി

പെഗാസസ് വിവാദം: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പാളംതെറ്റിക്കാനുള്ള ഗൂഢാലോചനയെന്ന് ഹരിയാന മുഖ്യമന്ത്രി
X

ഛണ്ഡിഗഢ്: പെഗാസസ് സോഫ്റ്റ് വെയര്‍ വഴി രാജ്യത്തെ വിവിധ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍ ചോര്‍ത്തല്‍ വിവാദം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാർ. കോണ്‍ഗ്രസ്സും ദി വയറുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ സ്ത്രീകള്‍, യുവാക്കള്‍, പിന്നാക്കക്കാര്‍ തുടങ്ങിയ നിരവധി വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ട നിരവധി ബില്ലുകള്‍ പാസ്സാക്കാനുണ്ട്. എന്നാല്‍ ഇത്തരം നല്ല പ്രവര്‍ത്തികളെ തകര്‍ക്കാനുള്ള ശ്രമം കോണ്‍ഗ്രസ്സ് എല്ലായ്‌പ്പോഴും ചെയ്തിട്ടുണ്ടെന്നും അതാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഖട്ടാർ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദങ്ങള്‍ എപ്പോഴുണ്ടാക്കണമെന്ന് അവര്‍ക്കറിയാം. സമയം അവര്‍ സെറ്റാക്കി വച്ചിരിക്കുകയാണ്. അവര്‍ക്ക് ഒന്നും ചര്‍ച്ച ചെയ്യാനില്ല. അവര്‍ വിദേശശക്തികളുമായി ഗൂഢാലോചനകള്‍ നടത്തുകയാണ്- അദ്ദേഹം ആരോപിച്ചു.

പെഗാസസ് എന്ന ഇസ്രായേല്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സുപ്രിംകോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തിയതായാണു കണ്ടെത്തിയിട്ടുള്ളത്. മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് കേന്ദ്രമന്തിമാര്‍, സുപ്രിംകോടതി ജഡ്ജി, ആര്‍എസ്എസ് നേതാക്കള്‍, മൂന്ന് പ്രതിപക്ഷ നേതാക്കള്‍, 180ഓളം മാധ്യമപ്രവര്‍ത്തകര്‍, വ്യവസായികള്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18, ദി വയര്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണു ചോര്‍ത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസിന്റെ ചാരപ്രവര്‍ത്തനം കണ്ടെത്തിയത്.

Next Story

RELATED STORIES

Share it