Latest News

പായ്തുരുത്ത് തൂക്കുപാലം: 33 ലക്ഷം അനുവദിച്ചു

അറ്റകുറ്റ പണിയോ പെയിന്റിംഗോ ഇല്ലാതിരുന്നതിനാലും മഹാപ്രളയത്താലും തൂക്കുപാലം തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കയാണ്.

പായ്തുരുത്ത് തൂക്കുപാലം: 33 ലക്ഷം അനുവദിച്ചു
X

മാള: 2018 ലെ മഹാപ്രളയത്തില്‍ തകര്‍ന്ന പായ്തുരുത്ത് തൂക്കുപാലം പുനര്‍നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ 33 ലക്ഷം രൂപ അനുവദിച്ചതായി ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഫണ്ടനുവദിച്ചിരിക്കുന്നത്. പായ്തുരുത്തുകാരുടെ പതിറ്റാണ്ടുകളായുള്ള ദുരിതങ്ങള്‍ക്ക് അല്‍പ്പം ആശ്വാസമായാണ് കുണ്ടൂരില്‍ നിന്നും പായ്തുരുത്തിലേക്ക് എട്ടര വര്‍ഷം മുന്‍പ് തൂക്കുപാലം നിര്‍മ്മിച്ച് ഉദ്ഘാടനം നടത്തിയത്. നേരത്തെ തന്നെ അപകടത്തിലായിരുന്ന തൂക്കുപാലത്തിന് കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയം വന്നപ്പോള്‍ ബലക്ഷയം കൂടിയും തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായി മാറുകയുമുണ്ടായി. ചാലക്കുടിപ്പുഴയിലൂടെ കുതിച്ചെത്തിയ പ്രളയജലവും അതോടൊപ്പമെത്തിയ മരങ്ങളും തൂക്കുപാലത്തെ നാശമാക്കി. 2012 ഏപ്രില്‍ രണ്ടാം തിയ്യതിയാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 71 മീറ്റര്‍ നീളമുള്ള തൂക്കുപാലം ഉദ്ഘാടനം ചെയ്തത്. പൊതുമേഖലാ സ്ഥാപനമായ കൊച്ചി മാമലയിലെ കേരള ഇലക്ട്രിക്കല്‍ ആന്റ് അല്ലീഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡാണ് തൂക്കുപാലം നിര്‍മ്മിച്ചത്. അറ്റകുറ്റ പണിയോ പെയിന്റിംഗോ ഇല്ലാതിരുന്നതിനാലും മഹാപ്രളയത്താലും തൂക്കുപാലം തീര്‍ത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കയാണ്.

തൂക്കുപാലത്തിലേക്ക് കയറുന്ന ഭാഗം ഒടിഞ്ഞു മാറിയിരിക്കുകയാണ്. പായ്തുരുത്ത് നിവാസികള്‍ക്ക് ദൈനംദിനാവശ്യങ്ങള്‍ നടത്താനും കുട്ടികള്‍ക്ക് വിദ്യാലയങ്ങളിലേക്കെത്താനും ഗ്രാമപഞ്ചായത്ത്, വില്ലേജ്, കൃഷിഭവന്‍ ഓഫീസുകള്‍, റേഷന്‍കട, തപാലാപ്പീസ്, വൈദ്യുതി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് എത്താനും പള്ളിയില്‍ പോകാനും അടക്കം എല്ലാ കാര്യങ്ങള്‍ക്കും മറുകരയാണ് ആശ്രയം. പാറക്കടവ് വഴി പോയാല്‍ 13 കിലോമീറ്ററും കുണ്ടൂര്‍ ആലമറ്റം വഴി പോയാല്‍ ഒന്‍പത് കിലോമീറ്ററും അധികമായി സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ അപകടകരമായ യാത്ര നടത്തുകയാണ് ജനങ്ങള്‍. കുണ്ടൂര്‍ ഭാഗത്തുള്ളവര്‍ക്ക് ആലുവ, പറവൂര്‍, അങ്കമാലി, ചാലാക്ക മെഡിക്കല്‍ കോളേജ്, അയിരൂര്‍ സെന്റ് തോമാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ തുടങ്ങിയേടങ്ങളിലേക്ക് പോകാനും എളുപ്പ വഴിയാണിത്. സംരക്ഷണ മറ താങ്ങി നിര്‍ത്തുന്ന ഇരുമ്പ് പൈപ്പുകളില്‍ പലതും ബന്ധം വേര്‍പ്പെട്ട നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട ഇരുമ്പ് പട്ടകളില്‍ പലതും തുരുമ്പെടുത്ത് ഒടിഞ്ഞ് പോയിട്ടുണ്ട്. ഇതുമൂലം പല ഭാഗത്തും മറയില്ലാത്തത് പാലത്തിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഭീഷണിയാണ്. ബാലന്‍സ് തെറ്റിയാല്‍ പുഴയിലേക്ക് വീഴാവുന്ന അവസ്ഥയാണ്. ആളുകള്‍ തൂക്കുപാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഭയാനകമായ ആട്ടമാണ് പാലത്തിന് അനുഭവപ്പെടുന്നത്. വാര്‍ഷീക അറ്റകുറ്റ പണികള്‍ ചെയ്യാത്തതിനാലും പാലത്തിലൂടെ ബൈക്കുകള്‍ പോകുന്നതിനാലും നെട്ട് ബോള്‍ട്ടുകളില്‍ അയവ് വരുന്നതിനാലാണ് വലിയ തോതിലുള്ള ആട്ടം അനുഭവപ്പെടാന്‍ കാരണം. പാലത്തിലേക്ക് കയറുന്ന ഭാഗങ്ങളും വേര്‍പ്പെട്ട നിലയിലാണ്. ഇവിടങ്ങളില്‍ കമ്പും കയറുമുപയോഗിച്ച് കെട്ടി വെച്ചാണ് അപകടകരമായ യാത്ര തുടരുന്നത്. തേദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തേയാണ് പുനര്‍നിര്‍മ്മാണ ചുമതലയേല്‍പ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it