Latest News

ചികില്‍സ ലഭിക്കാതെ രോഗി മരിച്ച സംഭവം: വേണുവിന്റെ മരണത്തില്‍ ചികില്‍സ വീഴ്ചയില്ലെന്ന് ഡോക്ടര്‍മാര്‍

ചികില്‍സ ലഭിക്കാതെ രോഗി മരിച്ച സംഭവം: വേണുവിന്റെ മരണത്തില്‍ ചികില്‍സ വീഴ്ചയില്ലെന്ന് ഡോക്ടര്‍മാര്‍
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൃദ്രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ പ്രതികരണവുമായി ഡോക്ടര്‍മാര്‍ രംഗത്ത്. എല്ലാ രോഗികളോടും ഒരേ പരിഗണന പുലര്‍ത്തിയെന്നും മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ചികില്‍സ നല്‍കിയതെന്നും കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐപ്പ് വ്യക്തമാക്കി.

വേദന ആരംഭിച്ച് 24 മണിക്കൂറുകള്‍ കഴിഞ്ഞാണ് വേണു ആശുപത്രിയിലെത്തിയതെന്നും അതിനാല്‍ പ്രാഥമിക ആന്‍ജിയോപ്ലാസ്റ്റി നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഹൃദയാഘാതം സ്ഥിരീകരിച്ചതിന് ശേഷം ആവശ്യമായ മരുന്നുകള്‍ നല്‍കി ചികില്‍സ നല്‍കിയിരുന്നു. എന്നാല്‍ ഹാര്‍ട്ട് ഫെയില്യര്‍ സംഭവിച്ചതാണ് മരണകാരണം. ലഭ്യമായ സാഹചര്യത്തില്‍ മികച്ച പരിചരണം തന്നെയാണ് നല്‍കിയത്' ഡോ. മാത്യു ഐപ്പ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ, മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലം മരണം സംഭവിച്ചതായി ആരോപിച്ച് കൊല്ലം പന്മന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ വേണുവിന്റെ കുടുംബം മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും സമീപിച്ചു. പരാതിയെ തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തര അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച ചികില്‍സയിലിരിക്കെയാണ് 48 കാരനായ വേണു മരിച്ചത്. അടിയന്തര ആന്‍ജിയോഗ്രാം നിര്‍ദേശിക്കപ്പെട്ടിട്ടും അഞ്ചു ദിവസം ചികില്‍സ നിഷേധിച്ചുവെന്നതാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

Next Story

RELATED STORIES

Share it