Latest News

പത്തനംതിട്ട കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു

പത്തനംതിട്ട കളക്ടറായി ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ചുമതലയേറ്റു
X

പത്തനംതിട്ട: ജില്ലയുടെ പുതിയ ജില്ലാ കളക്ടറായി ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ്, സാന്ത്വന സ്പര്‍ശം അദാലത്ത് എന്നിവ ഭംഗിയായി നടത്തുന്നതിനു പ്രാധാന്യംനല്‍കി ജില്ലയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി പറഞ്ഞു. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹുമായി ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ പഠിച്ചതിനുശേഷം ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പുതിയ കളക്ടറെ സ്വാഗതം ചെയ്തു. ജില്ലയുടെ പ്രാധാന്യത്തെ കുറിച്ചും ജില്ല മറികടന്ന വിവിധ സാഹചര്യങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ഡോ. ടി.എല്‍. റെഡ്ഡിയുമായി പി.ബി. നൂഹ് പങ്കുവച്ചു.

ജില്ലയുടെ സംസ്‌കാരം, തെരഞ്ഞെടുപ്പ്, കൊവിഡ് പ്രതിസന്ധി, വാക്‌സിനേഷന്‍, ആദിവാസി കോളനികളെ സംബന്ധിച്ച വിവരങ്ങള്‍, സാന്ത്വന സ്പര്‍ശം അദാലത്ത്, താലൂക്ക്തല അദാലത്ത്, പട്ടയ വിതരണം, ചെങ്ങറ, ഉദ്യോഗസ്ഥരുടെ പ്രവൃത്തിപരിചയം തുടങ്ങി വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ആന്ധ്രപ്രദേശിലെ കടപ്പയാണ് ഡോ. ടി.എല്‍. റെഡ്ഡിയുടെ സ്വദേശം. എംബിബിഎസിന് ശേഷം 2013ല്‍ സിവില്‍ സര്‍വീസ് പാസായി. അസിസ്റ്റന്റ് കളക്ടറായി കോട്ടയം ജില്ലയിലും സബ് കളക്ടറായി ഇടുക്കി ജില്ലയിലും, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. മൂന്നു വര്‍ഷം സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഡയറക്ടറായിരുന്നു. ശേഷം സഹകരണ വകുപ്പ് രജിസ്ട്രാര്‍ ആയി പ്രവര്‍ത്തിക്കവേയാണ് പത്തനംതിട്ട ജില്ലാ കളക്ടറായി നിയമിതനായത്.

എഡിഎം അലക്‌സ് പി തോമസ്, തിരുവല്ല സബ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കളക്ടര്‍ വി ചെല്‍സാസിനി, ഡെപ്യൂട്ടി കളക്ടര്‍മാരായ ജെസിക്കുട്ടി മാത്യു, ആര്‍. രാജലക്ഷ്മി, ടി എസ്. ജയശ്രീ, അടൂര്‍ ആര്‍ഡിഒ എസ് ഹരികുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബീന എസ് ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it