Latest News

വിലക്കയറ്റത്തെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം, വിലക്ക് ലംഘിച്ച് പ്ലക്കാര്‍ഡ്; ഇരുസഭകളും പിരിഞ്ഞു

വിലക്കയറ്റത്തെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം, വിലക്ക് ലംഘിച്ച് പ്ലക്കാര്‍ഡ്; ഇരുസഭകളും പിരിഞ്ഞു
X

ന്യൂഡല്‍ഹി: വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ ലോക്‌സഭയും രാജ്യസഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാവിലെ സഭ സമ്മേളിച്ചയുടന്‍ കോണ്‍ഗ്രസ്, തൃണമൂല്‍, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമേന്തി സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. പ്ലക്കാര്‍ഡുമായുള്ള പ്രതിഷേധം അനുവദനീയമല്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ള ക്ഷോഭിച്ച് പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

എംപിമാര്‍ സഭയില്‍ മര്യാദ കാത്തുസൂക്ഷിക്കണമെന്നും അവര്‍ പ്രതിഷേധിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ അനുവദിക്കാമെന്നും സഭാനടപടികള്‍ നിര്‍ത്തിവച്ചുകൊണ്ട് ബിര്‍ള പറഞ്ഞു. സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് ഇരിപ്പിടങ്ങളിലേക്ക് പോവാന്‍ അഭ്യര്‍ഥിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സഭ ചര്‍ച്ച ചെയ്യുന്നതിനാല്‍ അംഗങ്ങള്‍ അതില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളികളുമായി സഭാനടപടികള്‍ അംഗങ്ങള്‍ തടസ്സപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ നേരിട്ടെത്തി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കണമെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ ആവശ്യം.

അവശ്യസാധനങ്ങളുടെ വിലവര്‍ധന, പാചകവാതക വില അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സഭയുടെ നടുത്തളത്തിലിറങ്ങി എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. രാജ്യസഭയിലും നടപടിക്രമങ്ങള്‍ തുടങ്ങിയപ്പോള്‍തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. വിലക്കയറ്റം, രൂപയുടെ ഇടിവ് അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള പ്ലക്കാര്‍ഡുകളാണ് എംപിമാര്‍ ഉയര്‍ത്തിയത്.

പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും ഉച്ചകഴിഞ്ഞ് രണ്ടുമണി വരെ നിര്‍ത്തിവച്ചു. സഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിഷേധം തുടര്‍ന്നതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിയുകയായിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങുകയാണ് ചെയ്തത്. രാവിലെ പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

രാജ്യസഭയില്‍ കോണ്‍ഗ്രസ്, ഇടത്, എഎപി അംഗങ്ങള്‍ ചില വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് നിര്‍ബന്ധിക്കുകയും നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് നേതാക്കളും റൂള്‍ 267 പ്രകാരം നല്‍കിയ നോട്ടീസുകള്‍ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡു നിരസിച്ചു. പാര്‍ലമെന്റിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിസഭ നാളെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it