Latest News

കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ്; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷകര്‍ത്താക്കള്‍ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞുവച്ചു

വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി

കോട്ടണ്‍ഹില്‍ സ്‌കൂളിലെ റാഗിങ്; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് രക്ഷകര്‍ത്താക്കള്‍ മന്ത്രി ആന്റണി രാജുവിനെ തടഞ്ഞുവച്ചു
X

തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്‌കൂളിലെ പരാതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയും സ്ഥലം എംഎല്‍എയുമായ ആന്റണി രാജുവിനെ രക്ഷിതാക്കള്‍ തടഞ്ഞു. സ്‌കൂളിന് സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. സ്‌കൂള്‍ പരിസരത്ത് സിസിടിവി സ്ഥാപിക്കാന്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് പണം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വഴുതക്കാട് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനികളെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവമാണ് വിവാദമായിരിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വിളിച്ചിരുന്നു. സ്‌കൂളിലെ അധ്യാപകരെ മന്ത്രി ഇന്ന് ചേംബറിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.

വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉത്തരവാദികളായ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ പ്രിന്‍സിപ്പാള്‍ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചു. സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നാല് കവാടത്തിലും സിസിടിവികള്‍ സ്ഥാപിക്കും. മഫ്തി വനിത പോലിസിന്റെ നിരീക്ഷണവും തുടരും.

കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ഉപദ്രവിച്ച സംഭവത്തില്‍ ഇന്ന് രാവിലെ പ്രധാന അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് വന്നിരുന്നു. ഉത്തരവാദികളായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അതേസമയം ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് സ്‌കൂളിനെ തകര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു പിടിഎയുടെ പ്രതികരണം.

കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു. മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി ചെറിയ കുട്ടികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ചെന്നാണ് പരാതി. ആക്രമിച്ച വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. മൂത്രപ്പുരയിലെത്തിയ അഞ്ചാം ക്ലാസിലേയും ആറാം ക്ലാസിലേയും കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. പറയുന്നത് കേട്ടില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് കൊല്ലുമെന്നും സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കൊണ്ടുപോയി താഴേക്കിടുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥി ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ആക്രമിച്ച മുതിര്‍ന്ന വിദ്യാര്‍ഥികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാസ്‌ക്ക് ഇട്ടിരുന്ന വിദ്യാര്‍ഥികള്‍ യൂനിഫോം ധരിച്ചിരുന്നില്ല എന്നാണ് വിദ്യാര്‍ത്ഥികളുടെ മൊഴി.

ചെറിയ ക്ലാസിലെ കുട്ടികള്‍ക്കുണ്ടായ മാനസികാഘാതം കുറയ്ക്കാന്‍ ഇന്ന് കൗണ്‍സിലിങ്ങും ഒരുക്കിയിട്ടുണ്ട്. പുതിയ ബ്ലോക്കിലെ മൂത്രപ്പുര ഉപയോഗിക്കാനെത്തുന്ന യുപിസ്‌കൂള്‍ കുട്ടികളെ മുതിര്‍ന്ന കുട്ടികള്‍ ഭീഷണിപ്പെടുത്തുന്നതായി നേരത്തെയും പരാതികളുണ്ടായിരുന്നു. എന്നാല്‍ പുറത്തു നിന്നെത്തിയ സംഘമാണോ ഇപ്പോഴത്തെ സംഭവത്തിന് പിന്നിലെന്ന് ചില രക്ഷിതാക്കള്‍ സംശയിക്കുന്നു.

സ്‌കൂള്‍ ഗെയിറ്റിനും ചുറ്റുമതിലിലും സിസിടിവി ക്യാമറകള്‍ ഇല്ലാത്തതടക്കമുള്ള സുരക്ഷാ വീഴ്ചയും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ പോലിസിലും ഉന്നതാധികാരികള്‍ക്കും റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്നുമാണ് ഹെഡ് മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

Next Story

RELATED STORIES

Share it