Latest News

പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യാനുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു

പൊതുസ്ഥലങ്ങളിലെ കൊടിമരങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യാനുള്ള പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു
X

മാള: പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടിമരങ്ങള്‍, ബോര്‍ഡുകള്‍, പ്രതിഷ്ഠാപനങ്ങള്‍ എന്നിവ നീക്കം ചെയ്യാനുള്ള ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. സിപിഎം അഷ്ടമിച്ചിറ ലോക്കല്‍ സെക്രട്ടറി അരുണ്‍ പോളിന്റെ നേതൃത്വത്തിലാണ് സിപിഎം, ഡിവൈഎഫ്‌ഐ, ബിജെപി, യുവമോര്‍ച്ച, കെപിഎംഎസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നീക്കം തടഞ്ഞത്. കേരള ഹൈക്കോടതിയുടെ 2021 നവംബര്‍ 15 ലെ ഉത്തരവ് പ്രകാരമാണ് മാള ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച കൊടികളും ബോര്‍ഡുകളും നീക്കം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.


അഷ്ടമിച്ചിറയിലെ ചില പ്രദേശങ്ങളില്‍ ഹൈക്കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഗുരുതിപ്പാല പാറക്കൂട്ടം നിവാസിയായ വ്യക്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ്മാന് കൊടുത്ത പരാതിയെ തുടര്‍ന്നാണ് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടപടിയുമായി മുന്നോട്ടുപോയത്. എന്നാല്‍, പ്രതിഷേധത്തെ തുടര്‍ന്ന് വിധി നടപ്പാക്കാന്‍ സാധിച്ചില്ലെന്നും ഇക്കാര്യം ഓംബുഡ്‌സ്മാന് റിപോര്‍ട്ട് ചെയ്തതായും തടഞ്ഞവര്‍ക്കെതിരേ നിയമാനുസൃത നടപടി സ്വീകരിക്കാന്‍ മാള പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോടോ പിഡബ്ല്യുഡി, ഇറിഗേഷന്‍ അടക്കം വരുന്ന വിവിധ വകുപ്പുകളോടോ ആവശ്യമായ കൂടിയാലോചനകളില്ലാതെ ഈ വിഷയത്തില്‍ ഒരു രേഖയുണ്ടാക്കുന്നതിന് മാത്രമായി പേരിന് 2022 ആഗസ്ത് 16 ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായിരുന്നു. എന്നാല്‍, പരാതിക്കാരനെ തൃപ്തിപ്പെടുത്തുന്ന നിലയില്‍ മത, സാമുദായിക രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ മുഴുവനായും ഉള്‍പ്പെടുത്താതെയാണ് പ്രസ്തുത യോഗം വിളിച്ചുകൂട്ടിയത്.

തിടുക്കപ്പെട്ട് ഹൈക്കോടതി വിധി പൂര്‍ണമായും നടപ്പാക്കിയാല്‍ പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടികളുടേത് കൂടാതെ നിരവധി ആരാധനാലയങ്ങളുടെയും മതസാമുദായിക സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും പ്രതിഷ്ഠാപനങ്ങള്‍ അടക്കം നീക്കം ചെയ്യേണ്ടതായിവരും. അത് പ്രദേശത്തെ ക്രമസമാധാന അന്തരീക്ഷത്തെ തകര്‍ക്കും. ഈ പ്രശ്‌നത്തെ അവധാനതയോടെ സമീപിക്കാതെ തിടുക്കപ്പെട്ട് കൈകാര്യം ചെയ്ത സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്ന് സിപിഎം അഷ്ടമിച്ചിറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അരുണ്‍ പോള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it