Latest News

പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

പാലക്കാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
X

പാലക്കാട്: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാര്‍(29)ആണ് മരിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പത്രികാസമര്‍പ്പണത്തിനുശേഷം വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് മേഖലാകമ്മിറ്റിയംഗവും പികെഎസ് വില്ലേജ് കമ്മിറ്റിയംഗവുമാണ് ഇദ്ദേഹം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പില്‍ ശിവകുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച 12മണിയോടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ സ്വന്തം വാര്‍ഡായ 19ല്‍ പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ശിവകുമാര്‍ പങ്കെടുത്തിരുന്നു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ ശിവകുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എടുത്തിരുന്നില്ല. തുടര്‍ന്നായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുവര്‍ഷമായി സിപിഎം തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാര്‍. വടകോട് സ്വകാര്യ ഫാമില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. പത്രവിതരണസഹായിയായും പ്രവര്‍ത്തിച്ചിരുന്നു. വിവാഹിതനല്ല. അച്ഛന്‍: പരേതനായ അപ്പു. അമ്മ: പാര്‍വതി. സഹോദരി: പരേതയായ അംബിക. കസബ പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. മരണ കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് പോലിസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ഇന്ന് 11.30ന് ചന്ദ്രനഗര്‍ വൈദ്യുതശ്മശാനത്തില്‍ നടക്കും.

Next Story

RELATED STORIES

Share it