കൂടുതല്‍ വെള്ളം തുറന്നുവിട്ട് പാകിസ്താന്‍; പഞ്ചാബ് ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

കൂടുതല്‍ വെള്ളം തുറന്നുവിട്ട് പാകിസ്താന്‍; പഞ്ചാബ് ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി

ന്യൂഡൽഹി: പാകിസ്താന്‍ കൂടുതല്‍ വെള്ളം ഇന്ത്യന്‍ മേഖലയിലേക്ക് ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് പഞ്ചാബിലെ ചില അതിര്‍ത്തി ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിൽ. ഫിറോസ്പുര്‍ ജില്ലയിലുള്ള ഗ്രാമങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. ജില്ലാ ഭരണകൂടം പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സൈന്യത്തേയും ദേശീയ ദുരന്ത നിവരാണ സേനയേയും മുന്‍കരുതലെന്നോണം വിന്യസിച്ചിട്ടുണ്ട്. സത്‌ലജ് നദിക്കരയില്‍ താമസിക്കുന്നവര്‍ മാറിത്താമസിക്കാനും നിര്‍ദേശം നല്‍കി.

പാകിസ്താന്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതിനെ തുടര്‍ന്ന് ടെണ്ടിവാല ഗ്രാമത്തിലുള്ള ഒരു തടയണക്ക് കേടുപാട് സംഭവിച്ചതാണ് ഗ്രാമങ്ങളിലേക്ക് വെള്ളം കയറാന്‍ കാരണമായത്. തടയണ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നതതല യോഗം വിളിച്ചു. തടയണ ശക്തിപ്പെടുത്താന്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത കര്‍മ്മ പദ്ധതി ആവിഷ്‌കരിക്കാന്‍ ജലവിഭവ വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്താന്‍ സത്‌ലജ് നദിയില്‍ നിന്ന് കൂടുതല്‍ ജലം ഒഴുക്കിയതിനെ തുടര്‍ന്ന് ഫിറോസ്പൂറിലെ 17 ഓളം ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണി നേരിട്ടിരുന്നു.

RELATED STORIES

Share it
Top