Latest News

തനിച്ചു താമസിച്ച സ്ത്രീയുടെ കൊലപാതകം: ''യഥാര്‍ത്ഥ പ്രതിയെ'' കിട്ടിയത് ഫോണ്‍ മൂലമെന്ന് പോലിസ്

തനിച്ചു താമസിച്ച സ്ത്രീയുടെ കൊലപാതകം: യഥാര്‍ത്ഥ പ്രതിയെ കിട്ടിയത് ഫോണ്‍ മൂലമെന്ന് പോലിസ്
X

ആലപ്പുഴ: ഒറ്റപ്പനയില്‍ തനിച്ചു താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൈനുല്‍ ആബിദീനും ഭാര്യ അനീഷയും പിടിയിലാവാന്‍ കാരണം മോഷ്ടിച്ച ഫോണിന്റെ ഉപയോഗം. നേരത്തെ അറസ്റ്റ് ചെയ്ത അബൂബക്കര്‍ ഈ ഫോണ്‍ നശിപ്പിച്ചെന്നായിരുന്നു പോലിസ് അവകാശപ്പെട്ടിരുന്നത്. പോലിസ് കസ്റ്റഡിയിലുള്ള അബൂബക്കര്‍ അങ്ങനെ പോലിസിനോടു ''സമ്മതിക്കുകയും'' ചെയ്തു. കൂടാതെ പ്രദേശത്തെ പള്ളിയില്‍ നിന്നും അബൂബക്കര്‍ ''ഒളിപ്പിച്ച'' വസ്ത്രങ്ങള്‍ പോലിസ് കണ്ടെത്തുകയും ചെയ്തു.

എന്നാല്‍, മോഷ്ടിച്ച സ്വര്‍ണക്കമ്മലും ഫോണുമായി യഥാര്‍ഥ പ്രതികളായ സൈനുല്‍ ആബിദീനും അനീഷയും സംഭവം നടന്ന 17നു പുലര്‍ച്ചെ തന്നെ കടന്നുകളഞ്ഞിരുന്നു. ഫോണ്‍ ഓഫ് ചെയ്തിരുന്നു. ഇതേപ്പറ്റി അപ്പോള്‍ പോലിസിന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എങ്കിലും കാണാതായ ഫോണ്‍ കണ്ടെത്താനുള്ള ശ്രമം പോലിസ് നടത്തുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഈ ഫോണ്‍ മറ്റൊരു സിം കാര്‍ഡ് ഇട്ടു പ്രവര്‍ത്തിപ്പിച്ചപ്പോള്‍ തന്നെ വിവരം കിട്ടി. ഫോണ്‍ മൈനാഗപ്പള്ളിയിലാണെന്നും കണ്ടെത്തി. കൊല്ലം പോലിസിന്റെ സഹായത്തോടെ പ്രതികളെ രാത്രിതന്നെ പിടികൂടുകയും ചെയ്തു.

സംഭവങ്ങളെ കുറിച്ച് പോലിസ് ഇപ്പോള്‍ ഇങ്ങനെയാണ് പറയുന്നത്.

മരിച്ച സ്ത്രീയുടെ വീട്ടില്‍ ശനിയാഴ്ച രാത്രി അബൂബക്കര്‍ എത്തിയിരുന്നു. 11 മണിയോടെ മടങ്ങി. അബൂബക്കര്‍ അകത്തുള്ളപ്പോള്‍ സൈനുലാബ്ദീനും അനീഷയും വീടിനു സമീപം ഒളിച്ചിരിക്കുകയായിരുന്നു. അബൂബക്കര്‍ പോയശേഷം അവര്‍ വീടിന്റെ പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കടന്നു വൈദ്യുതി വിഛേദിച്ചു. മോഷണശ്രമത്തെ സ്ത്രീ ചെറുത്തപ്പോള്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടര്‍ന്നു സ്ത്രീയുടെ ശരീരത്തിലും മുറിയിലും മുളകുപൊടി വിതറി. അലമാരയിലുണ്ടായിരുന്ന കമ്മലും കട്ടിലില്‍നിന്നു മൊബൈല്‍ ഫോണും മോഷ്ടിച്ചു കടന്നുകളഞ്ഞു.

സംശയം തോന്നിയവരെ ചോദ്യം ചെയ്തപ്പോള്‍ കൊലപാതകം നടത്തിയെന്നും മുളകുപൊടി വിതറിയെന്നും ഫോണ്‍ എടുത്തെന്നും അബൂബക്കര്‍ സമ്മതിച്ചുവെന്നാണ് പോലിസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പോലിസ് കസ്റ്റഡിയില്‍ അബൂബക്കര്‍ കൊടുംക്രൂരതകള്‍ നേരിട്ടിട്ടുണ്ടാവാമെന്ന് ഇത് സൂചന നല്‍കുന്നു.

Next Story

RELATED STORIES

Share it