Latest News

ഒറവമ്പുറം സമീര്‍വധം: സിപിഎമ്മിനും പോലിസിനുമെതിരേ ആഞ്ഞടിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്

ഒറവമ്പുറം സമീര്‍വധം: സിപിഎമ്മിനും    പോലിസിനുമെതിരേ ആഞ്ഞടിച്ച് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്
X

കോഴിക്കോട്: മഞ്ചേറി ഒറവമ്പുറം സമീര്‍വധം സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന ആരോപണവുമായി പി കെ ഫിറോസ്. മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്ത ശേഷം എഴുതിയ കുറിപ്പിലാണ് ഫിറോസിന്റെ രൂക്ഷവിമര്‍ശനം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ പരാജയപ്പെട്ടതിലുള്ള പ്രതികാരമാണ് വധത്തിലേക്ക് നയിച്ചതെന്ന് ഫിറോസ് ആരോപിച്ചു. പഞ്ചായത്തിലെ 19 സീറ്റില്‍ 17ഉം ജയിച്ചത് യു.ഡി.എഫാണ്. ജയിച്ച വാര്‍ഡുകളില്‍ ഒറവമ്പുറം ഉള്‍പ്പെടുന്ന വാര്‍ഡുകളുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകക്ഷിയുടെ ആവശ്യാനുസരണം കേസ് അന്വേഷിക്കുന്ന പോലിസിനെതിരേയും ഫിറോസ് ആഞ്ഞടിച്ചു.

''യു.ഡി.എഫ് പിടിച്ചെടുത്ത സീറ്റുകളില്‍ ഒറവമ്പുറത്തെ 1,2 വാര്‍ഡുകളുമുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വലിയ രീതിയില്‍ പ്രകോപനമുണ്ടാക്കാന്‍ സി.പി.എം ശ്രമിച്ചിരുന്നു. യുഡിഎഫ് പൊതുയോഗ വേദിയുടെ മുന്നില്‍ അനൗണ്‍സ്‌മെന്റ് വാഹനം നിര്‍ത്തിയിട്ട് തടസ്സമുണ്ടാക്കുക, പ്രകടനത്തിനിടയിലേക്ക് ചെങ്കൊടിയുമേന്തി കടന്നു വരിക. ഇതൊക്കെയായിരുന്നു സി.പി.എമ്മിന്റെ രീതി. എന്നാല്‍ സമാധാനപരമായി തെരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടായി. തെരഞ്ഞെടുപ്പിന് ശേഷവും സി.പി.എം ഭീഷണി തുടര്‍ന്നു. വിജയാഹ്‌ളാദ പ്രകടനം നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു തിട്ടൂരം. ഭീഷണി വകവെക്കാതെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. അതാണിപ്പോള്‍ ഒരാളുടെ ജീവനെടുക്കാന്‍ സി.പി.എമ്മിനെ പ്രേരിപ്പിച്ചത്''- ഫിറോസ് ആരോപിച്ചു.

കൊല നടത്തിയതിനു സിപിഎം കള്ളക്കഥയുണ്ടാക്കിയെന്നും വധത്തെ കുടംബവഴക്കാക്കി ചിത്രീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതിനു ശേഷം കൊല നടത്തിയത് മുസ്‌ലിം തീവ്രവാദികളാണെന്ന് പ്രചരിപ്പിച്ചത് പോലെ, തലശ്ശേരി ഫസലിനെ കൊന്നിട്ട് രക്തത്തുള്ളികള്‍ ടവ്വലിലാക്കി ആര്‍.എസ്.എസ്സുകാരന്റെ വീട്ടുപടിക്കല്‍ കൊണ്ടിട്ടതു പോലെ, അരിയില്‍ ശുക്കൂറിനെയും, ശുഹൈബിനെയും, കൃപേഷിനെയും ശരത് ലാലിനെയുമൊക്കെ കൊന്നു തള്ളിയിട്ട് പാര്‍ട്ടിക്ക് പങ്കില്ലെന്നും വ്യക്തി വൈരാഗ്യമാണെന്നും പ്രചരിപ്പിച്ചതു പോലെ ഇപ്പോഴിതാ കുടുംബപ്രശ്‌നമാക്കി ഈ കൊലപാതകത്തെയും ലഘൂകരിക്കാന്‍ശ്രമിക്കുകയാണ്''.

പാര്‍ട്ടി ഓഫിസില്‍ നിന്ന് പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മരണപ്പെട്ടത്. ബുധനാഴ്ച രാത്രി 11ഓടെയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.

ബുധനാഴ്ച രാത്രി ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ അടിപിടിക്കിടെ ലീഗ് പ്രവര്‍ത്തകനായ ഉമ്മറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ സമയം സമീപത്തെ കടയിലുണ്ടായിരുന്ന സമീര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴാണ് കുത്തേറ്റതെന്നാണു സൂചന. സംഘര്‍ഷവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനെ ചൊല്ലി പ്രദേശത്ത് സിപിഎം-യുഡിഎഫ് സംഘര്‍ഷമുണ്ടായിരുന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. രാഷ്ട്രീയ കൊലപാതകമാണെന്ന് യുഡിഎഫ് ആരോപിച്ചെങ്കിലും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണെന്നാണ് സിപിഎം നിലപാട്.

Next Story

RELATED STORIES

Share it