Latest News

നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം
X

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സഭ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി. ഗവര്‍ണര്‍ സഭയിലേക്ക് എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ ആരംഭിച്ചു. ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ച് സഭ വിട്ടു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോട് ക്ഷുഭിതനായാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്ന് പ്രതിപക്ഷത്തോട് ഗവര്‍ണര്‍ പറഞ്ഞു.

ഒന്‍പത് മണിക്കാണ് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. യപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാന്‍ വിസമ്മതിച്ചത് മൂലമുണ്ടായത് കടുത്ത അനിശ്ചിതത്വമായിരുന്നു. ഒടുവില്‍ ഗവര്‍ണ്ണറെ വിമര്‍ശിച്ച പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയാണ് സര്‍ക്കാര്‍ അനുനയത്തിലെത്തിയത്. അതേസമയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ വിഷയത്തില്‍ ഗവര്‍ണ്ണര്‍ ഉന്നയിച്ച പ്രശ്‌നം ഇപ്പോഴും ബാക്കിയാണ്. സര്‍ക്കാര്‍ ഇനി നടപ്പാക്കാന്‍ പോകുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിയായിരിക്കും നയപ്രഖ്യാപന പ്രസംഗം. സില്‍വര്‍ ലൈനുമായി മുന്നോട്ട്‌പോകുമെന്ന പ്രഖ്യാപനം ഉണ്ടാകും. കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളും ഉണ്ടാകാം.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാനുള്ള അനുനയ ചര്‍ച്ചക്കിടെ രാജ്ഭവനില്‍ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്ന നിലപാട് എടുത്ത ഗവര്‍ണര്‍ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന ആവശ്യപ്പെട്ടതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. ഗവര്‍ണ്ണര്‍ ഭരണഘടന ബാധ്യത നിര്‍വ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതല്‍ സ്വീകരിച്ചത്. അഡി.പിഎക്ക് നിയമന ശുപാര്‍ശ അംഗീകരിച്ച ശേഷം തന്റെ ഓഫിസിന് സര്‍ക്കാര്‍ നല്‍കിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവര്‍ണ്ണര്‍ തുറന്നടിച്ചു. നിയമനത്തിന്റെ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാര്‍ട്ടി കേഡര്‍മാരെ വളര്‍ത്താന്‍ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെന്‍ഷനുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പേഴ്‌സനല്‍ സ്റ്റാഫ് നിയമനങ്ങളില്‍ ചടര്‍ച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചര്‍ച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവര്‍ണ്ണര്‍ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതുമായി കൂട്ടിക്കുഴക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയര്‍ന്നു. ഒടുവില്‍ പേഴ്‌സണല്‍ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെന്റിലും തിരിക്കിട്ട ചര്‍ച്ചകള്‍. ഒടുവില്‍ ഗവര്‍ണ്ണറുടെ ഓഫിസിന് കത്തയച്ച പൊതുഭരണ സെക്രട്ടറിയെ മാറ്റി ഇക്കാര്യം രാജ്ഭവനെ അറിയിച്ച് പ്രശ്‌നം തണുപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

Next Story

RELATED STORIES

Share it