Latest News

ഗണേശോല്‍സവ പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)

ഗണേശോല്‍സവ പരിപാടിയില്‍ നൃത്തം ചെയ്യുന്നതിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു (വീഡിയോ)
X

ജമ്മു: നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ജമ്മുവിലെ ബിഷ്‌നയിലാണ് സംഭവം. ഗണേശോല്‍സവത്തോടനുബന്ധിച്ച് പാര്‍വതീ ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ യോഗേഷ് ഗുപ്ത എന്നയാളാണ് മരിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. നൃത്തത്തിന്റെ ഭാഗമായി യോഗേഷ് ഗുപ്ത നിലത്തേയ്ക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകള്‍ കാണിക്കുകയും ചെയ്തു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

സംഗീതം തുടരുമ്പോഴും യോഗേഷ് ഗുപ്ത എഴുന്നേല്‍ക്കാത്തതു കണ്ട് 'ശിവന്റെ' വേഷം ധരിച്ച മറ്റൊരു കലാകാരന്‍ സ്‌റ്റേജിലെത്തി. തുടര്‍ന്ന് ഇയാള്‍ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും വീഡിയോയിലുണ്ട്. പ്രേക്ഷകരില്‍ പലരും ഇത് നൃത്ത അവതരണത്തിന്റെ ഭാഗമാണെന്ന് ധരിച്ചതായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ്യത്തുടനീളം ഇത്തരം നിരവധി സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജൂണില്‍, കൊല്‍ക്കത്തയില്‍ നടന്ന സംഗീത പരിപാടിക്ക് ശേഷം ഹൃദയാഘാതത്തെ തുടര്‍ന്ന് ഗായകന്‍ കൃഷ്ണകുമാര്‍ കുന്നത്ത് (കെകെ- 53) മരിച്ചിരുന്നു. മെയ് 28ന് ആലപ്പുഴയില്‍ ഒരു സംഗീത പരിപാടിക്കിടെ വേദിയില്‍ കുഴഞ്ഞുവീണ് ഗായകന്‍ ഇടവ ബഷീറും മരിച്ചിരുന്നു.

Next Story

RELATED STORIES

Share it