Latest News

സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്‌ക്കെതിരേ സമരം അനിവാര്യം; ഇന്ധനവില കുറച്ചില്ലെങ്കില്‍ തീക്ഷ്ണ സമരമെന്നും കെ സുധാകരന്‍

സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അതു ചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂയെങ്കില്‍ കോണ്‍ഗ്രസ് അതിനും തയാറാണ്. ആ സമരം കാണണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മുഖ്യമന്ത്രിക്ക് കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു

സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്‌ക്കെതിരേ സമരം അനിവാര്യം; ഇന്ധനവില കുറച്ചില്ലെങ്കില്‍ തീക്ഷ്ണ സമരമെന്നും കെ സുധാകരന്‍
X

തിരുവനന്തപുരം: ഇന്ധനവിലയില്‍ കുറവ് വരുത്താന്‍ തയാറാകാത്ത പിണറായി സര്‍ക്കാരിനെതിരേ മൂന്നാംഘട്ടത്തില്‍ മണ്ഡലം തലത്തിലും നാലാംഘട്ടത്തില്‍ ബൂത്ത് തലത്തിലും പ്രക്ഷോഭം അഴിച്ചുവിടുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എന്നിട്ടും സര്‍ക്കാര്‍ വഴങ്ങുന്നില്ലെങ്കില്‍ തീക്ഷ്ണമായ സമരത്തിലേക്ക് നീങ്ങും. അതു ചെയ്യിച്ചേ മുഖ്യമന്ത്രി അടങ്ങൂയെങ്കില്‍ കോണ്‍ഗ്രസ് അതിനും തയാറാണ്. ആ സമരം കാണണമെന്ന് നിര്‍ബന്ധമാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധന വില കുറയ്ക്കാത്ത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട സമരപരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച മാര്‍ച്ചിന്റെയും ധര്‍ണയുടെയും സംസ്ഥാനതല പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ആശങ്കയുമില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സമരം സംഘടിപ്പിക്കുന്നത്. ഇന്ധനവിലയുടെ മറവില്‍ നികുതിക്കൊള്ള നടത്തുന്ന സര്‍ക്കാരിനെതിരെ സമരം അനിവാര്യമാണ്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ മോദിയും പിണറായി വിജയനും തയ്യാറാകുന്നില്ല.

ഇന്ധനവില നികുതി കുറയ്ക്കാത്തത് സംബന്ധിച്ച് മറുപടിയാന്‍ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ബാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇരുവരും അതിന് തയ്യാറാകുന്നില്ല. ഓരോ ദിവസവും പറയുന്നത് മാറ്റിപ്പറയുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് കേരളം ഭരിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ ബിജെപി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു ചൂണ്ടിക്കാട്ടി. ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെ വിലക്കയറ്റം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം തുടങ്ങിയവ ജനം ചര്‍ച്ച ചെയ്യരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.അതിനായി സമയാസമയങ്ങളില്‍ ബിജെപി ബോധപൂര്‍വ്വമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

ബ്രട്ടീഷ് ഭരണത്തിലേത് പോലെ വിഭജിച്ച് ഭരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. അതിനായി രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നു. ജനങ്ങളെ ബാധിക്കുന്ന വിഷങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരുന്നതിന്റെ ഭാഗമാണ് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്ധനവില വര്‍ധനവിന്റെ ദുരിതം അനുഭവിക്കാത്ത ഒരു കുടുംബം പോലും രാജ്യത്തില്ല. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി കിട്ടിയ ശേഷമാണ് ഇന്ധവില നികുതിയില്‍ നേരിയ ഇളവ് വരുത്താന്‍ പ്രധാനമന്ത്രി തയ്യാറായതെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

കെപിസിസി ട്രഷറര്‍ പ്രതാപ ചന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജി എസ് ബാബു, ഡിസിസി പ്രസിഡന്റ് പാലോട് രവി,കെപിസിസി നിര്‍വാഹക സമതി അംഗങ്ങളായ ശരത്ചന്ദ്ര പ്രസാദ്,മണക്കാട് സുരേഷ്, മുന്‍ എംപി എന്‍ പീതാംബരകുറുപ്പ്, മുന്‍ എംഎല്‍എമാരായ വിഎസ് ശിവകുമാര്‍,ജോസഫ് വാഴയ്ക്കന്‍, കെ മോഹന്‍കുമാര്‍,യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ,മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷമി തുടങ്ങിയവര്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it