Latest News

'കെ റയില്‍ വേണ്ട, കേരളം വേണം'; പരപ്പനങ്ങാടിയില്‍ കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തിപ്പെടുന്നു

കെ റയില്‍ വേണ്ട, കേരളം വേണം; പരപ്പനങ്ങാടിയില്‍ കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം ശക്തിപ്പെടുന്നു
X

പരപ്പനങ്ങാടി; കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ 'കെ റയില്‍ വേണ്ട, കേരളം വേണം' എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടുള്ള ജനകീയ സമരം പരപ്പനങ്ങാടിയിലും ശക്തിപ്പെടുന്നു. സില്‍വര്‍ ലൈന്‍ വികസനമല്ല, മറിച്ച് വിനാശമാണ് കേരളത്തില്‍ സൃഷ്ടിക്കുകയെന്ന തിരിച്ചറിവിന്റെ ഭാഗമായി ജനങ്ങള്‍ കഴിഞ്ഞ മൂന്നു ദിവസമായി കല്ലിടല്‍ തടയുകയാണ്.

റാപ്പിഡ് റെസ്‌ക്യൂ ഫോഴ്‌സിനേയും ഇന്ത്യ റിസര്‍വ് ബറ്റാലിയനേയും ഉപയോഗിച്ചാണ് സര്‍ക്കാര്‍ സമരക്കാരെ തടയുന്നത്. പരപ്പനങ്ങാടിയില്‍ ഈ ശ്രമങ്ങളെല്ലാം കഴിഞ്ഞ മൂന്നു ദിവസമായി ജനങ്ങള്‍ സംഘടിതരായി ചെറുത്തുനില്‍ക്കുന്നുണ്ട്. ഇത് വരും ദിവസങ്ങളിലും തുടരുമെന്ന് സമിതി നേതാക്കള്‍ പറഞ്ഞു.

സമരസമിതിയുടെ ജില്ലാ ചെയര്‍മാന്‍ അഡ്വ. അബൂബക്കര്‍ ചെങ്ങാട്ടിനോടൊപ്പം എംഎല്‍എ കെപിഎ മജീദ്, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ ഉസ്മാന്‍, മുന്‍സിപ്പല്‍ കൌണ്‍സിലര്‍മാര്‍, പള്ളിവികാരി ഫാദര്‍ ബെന്നി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍, സമിതി ജനറല്‍ കണ്‍വീനര്‍ പി കെ പ്രഭാഷ്, മുനിസിപ്പല്‍ കമ്മിറ്റി നേതാക്കള്‍, രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക സംഘടനാ നേതാക്കള്‍ എന്നിവര്‍ക്കൊപ്പം സ്ത്രീകളടക്കമുള്ള സമര സമിതി പ്രവര്‍ത്തകരും പ്രതിഷേധമുന്നണിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കല്ലിടല്‍ സാധ്യമല്ല എന്ന സാഹചര്യം വന്നപ്പോള്‍ ജില്ലാ സമിതിയെ കെ റയില്‍ ജില്ലാ ഓഫിസിലേക്ക് ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ കെ റെയിലിനെ സംബന്ധിച്ച് സംസ്ഥാന തലത്തില്‍ തീരുമാനം എടുക്കാന്‍ അധികാരമില്ലാത്ത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യാനില്ലെന്നായിരുന്നു സമതിയുടെ നിലപാട്.

സമരത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ മാര്‍ച്ച് 1 മുതല്‍ സമരജാഥ പര്യടനം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 7,8 തിയ്യതികളില്‍ ജാഥ മലപ്പുറത്ത് എത്തിച്ചേരും. 7ന് രാവിലെ 10 മണിക്ക് ചെട്ടിപ്പടിയിലും 11.30ന് പരപ്പനങ്ങാടിയിലും സമരജാഥയ്ക്ക് സ്വീകരണം നല്‍കും. പരപ്പനങ്ങാടിയിലെ സ്വീകരിക്കണ സമ്മേളനം കെപിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനാ നേതാക്കള്‍, വ്യാപാരി വ്യവസായികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ ജാഥയെ സ്വീകരിക്കും. അതേ സമയം കല്ലിടല്‍ തടയല്‍ സമരവും സമാന്തരമായി തുടരും. ജാഥ 7ന് വൈകുന്നേരം തിരൂര്‍ സമാപിക്കും.

Next Story

RELATED STORIES

Share it