Latest News

'തെളിവില്ല'; മുസഫര്‍നഗര്‍ കലാപത്തിലെ 20 പ്രതികളെക്കൂടി വെറുതേവിട്ടു

തെളിവില്ല; മുസഫര്‍നഗര്‍ കലാപത്തിലെ 20 പ്രതികളെക്കൂടി വെറുതേവിട്ടു
X

ലഖ്‌നൗ: 2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ പ്രതിചേര്‍ക്കപ്പെട്ട 20 പേരെ പ്രാദേശിക കോടതി വെറുതെവിട്ടു. മുസഫര്‍ നഗറിലെ ലന്‍ക് ഗ്രാമത്തില്‍ നിരവധി പേരെ കൊലപ്പെടുത്തുകയും കൊളളയടിക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് കോടതി തെളിവില്ലെന്ന കാരണത്താല്‍ വെറുതേ വിട്ടത്. ചൊവ്വാഴ്ചയാണ് വിധി പുറപ്പെടുവിച്ചത്.

മീററ്റിനെയും ഷാമ് ലിയെയും ബാധിച്ച കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ പലായനം ചെയ്യുകയും ചെയ്തിരുന്നു.

ജില്ലാ അഡിഷണല്‍ സെഷന്‍സ് ജഡ്ജ് കമല്‍പതിയാണ് വിധി പറഞ്ഞത്. പ്രതികള്‍ക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് പ്രതികളെ വെറുതേ വിട്ടുകൊണ്ടുള്ള ഉത്തരവില്‍ ജഡ്ജി ചൂണ്ടിക്കാട്ടി.

വിട്ടയച്ചവരില്‍ അബ്ദുള്‍ ഹസ്സന്‍ എന്ന അയല്‍ക്കാരനെ കഴുത്തുമുറിച്ച് പരിക്കേല്‍പ്പിച്ചവരും ഉള്‍പ്പെടുന്നു. പിന്നീട് ഇദ്ദേഹത്തെ വെടിവച്ചുകൊല്ലുകയും ചെയ്തു. 2013 സപ്തംബര്‍ 8നാണ് സംഭവം.

ഒരു മാസം മുമ്പ് മുസ്‌ലിം വീടുകള്‍ കത്തിച്ച കേസിലെ 20 പ്രതികളെ സാക്ഷികള്‍ കൂറുമാറിയതിനെതുടര്‍ന്ന് മറ്റൊരു കോടതി വെറുതേ വിട്ടിരുന്നു. തെളിവില്ലെന്നായിരുന്നു ആ കേസിലും കോടതി പറഞ്ഞത്.

2013 മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, തീവെപ്പ് എന്നിവയുമായി ബന്ധപ്പെട്ട 97 കേസുകളില്‍ പ്രതികളായ 1,137 പേരെ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ തെളിവുകളുടെ അഭാവമോ സാക്ഷികള്‍ കൂറുമാറിയതോ കാരണമായി വെറുതെ വിട്ടിട്ടുണ്ട്. 2017 ല്‍ യോഗി മുഖ്യമന്ത്രിയായി യുപിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം, ബിജെപി എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള ഒരു സംഘം 2018 ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയെ കണ്ട് മുസഫര്‍നഗര്‍ കലാപത്തില്‍ പ്രതികളായ ഹിന്ദുക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ച മൊത്തം 175 കേസുകളില്‍, കോടതി ഇതുവരെ 36 കേസുകളില്‍ പ്രതികളെ വെറുതെ വിട്ടിട്ടുണ്ട്. 77 ഓളം കേസുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചു. 2013 ഓഗസ്റ്റിലും സെപ്റ്റംബറിലും മുസാഫര്‍നഗറിലും സമീപപ്രദേശങ്ങളിലും നടന്ന വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000ത്തിലധികം പേര്‍ വഴിയാധാരമാവുകയും ചെയ്തിരുന്നു.സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) മുസഫര്‍നഗറിലെ 510 കലാപ കേസുകള്‍ അന്വേഷിക്കുകയും 175 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കലാപവുമായി ബന്ധപ്പെട്ട് 1,480 പേരെ അറസ്റ്റ് ചെയ്തു. 1,198 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it