Latest News

ഒമാന്‍-സ്‌പെയിന്‍ ബന്ധത്തില്‍ പുതിയ അധ്യായം; നാലു ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു

ഒമാന്‍-സ്‌പെയിന്‍ ബന്ധത്തില്‍ പുതിയ അധ്യായം; നാലു ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു
X

മസ്‌കത്ത്: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ സ്‌പെയിന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും നാലു പ്രധാന ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ഹരിതോര്‍ജ വികസനം, ജല മാനേജ്മെന്റ്, ആരോഗ്യരംഗം, നിക്ഷേപ പ്രോല്‍സാഹനം തുടങ്ങിയ മേഖലകളിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. ഹരിത മെത്തനോള്‍, പ്രകൃതിവാതകം, ജല വിഭവ പരിപാലനം, ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ എന്നിവയിലൂടെയുള്ള സഹകരണം ഇരുരാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മാഡ്രിഡിലെ സാര്‍സുവേല പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഒമാനും സ്‌പെയിനും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ശക്തമായ തെളിവായും പുതിയ സഹകരണ ഘട്ടത്തിന്റെ പ്രതീകമായും വിലയിരുത്തപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സ്‌പെയിന്‍ സെനറ്റ് സന്ദര്‍ശിച്ചു. ഒമാനി പ്രതിനിധി സംഘത്തെ സെനറ്റിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടന്ന യോഗത്തില്‍ സെനറ്റ് പ്രസിഡന്റ് സ്വാഗത പ്രസംഗം നടത്തി. ഇരു രാജ്യങ്ങളുടെയും ദീര്‍ഘകാല സൗഹൃദബന്ധത്തെ അദ്ദേഹം പ്രശംസിച്ചു.

സ്‌പെയിന്‍ ജനതയോടുള്ള ബഹുമാനവും അവരുടെ സമ്പന്ന സാംസ്‌കാരിക പൈതൃകത്തോടുള്ള ആദരവുമാണ് ഇരുരാജ്യങ്ങളുടെയും സൗഹൃദത്തിന്റെ അടിത്തറയെന്ന് സുല്‍ത്താന്‍ പറഞ്ഞു. ''സ്‌പെയിന്‍ സന്ദര്‍ശനത്തിന്റെ ഓരോ നിമിഷത്തിലും ജനങ്ങള്‍ കാഴ്ചവെച്ച ഹൃദയപൂര്‍വ്വമായ സ്വീകരണം ഈ രാജ്യത്തിന്റെ തുറന്ന മനസ്സിന്റെ പ്രതീകമാണ്. ശാസ്ത്രം, കല, പുരാവസ്തുശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സ്‌പെയിന്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ലോക സംസ്‌കാരങ്ങളുടെ ഇടപെടലിന്റെ ഉജ്ജ്വല ഉദാഹരണങ്ങളാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഈ സന്ദര്‍ശനം ഒമാനും സ്‌പെയിനും തമ്മിലുള്ള സൗഹൃദബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനൊപ്പം, രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക മേഖലകളില്‍ സഹകരണം വിപുലീകരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയും വ്യക്തമാക്കുന്നു,'' സുല്‍ത്താന്‍ ഹൈതം പറഞ്ഞു. നിയമനിര്‍മ്മാണസഭകള്‍ ദേശീയ വികസനത്തിന്റെ മുഖ്യകേന്ദ്രങ്ങളാണെന്നും ഭരണസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അവ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it