Latest News

*'വോട്ട് വെട്ടി വിജയിക്കാൻ ബിജെപി ശ്രമിക്കുന്നു' : തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ ആഞ്ഞടിച്ച് സ്റ്റാലിൻ ; നടപടി തീരുമാനിക്കാൻ നവംബർ രണ്ടിന് സർവ്വകക്ഷി യോഗം*

*വോട്ട് വെട്ടി വിജയിക്കാൻ ബിജെപി ശ്രമിക്കുന്നു : തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ ആഞ്ഞടിച്ച് സ്റ്റാലിൻ ; നടപടി തീരുമാനിക്കാൻ നവംബർ രണ്ടിന് സർവ്വകക്ഷി യോഗം*
X

ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിനീക്കി തിരഞ്ഞെടുപ്പ് വിജയം നേടാനാണ് ബിജെപി ലക്ഷ്യമാക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഇക്കാര്യത്തിൽ അടുത്ത നടപടികൾ എന്തൊക്കെയാണെന്ന് തീരുമാനിക്കാൻ നവംബർ 2ന് സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. 'എൻ്റെ പോളിങ് ബൂത്ത് - വിജയ ബൂത്ത്' എന്ന പരിപാടിയോടനുബന്ധിച്ച് മാമല്ലപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഡിഎംകെ അധ്യക്ഷൻ കൂടിയായ സ്റ്റാലിൻ. ഇലക്ഷൻ വഴിയല്ല, 'ഡിലീഷൻ' (വോട്ട് വെട്ടൽ ) വഴി തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സൂചിപ്പിച്ച് സ്റ്റാലിൻ ആക്ഷേപിച്ചു. തൊഴിലാളികളുടെയും പട്ടികജാതിക്കാരുടെയും മതന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും വോട്ടുകളാണ് ഇവർ വെട്ടി മാറ്റുന്നത്. "ബിജെപിക്ക് ജനങ്ങളെ നേരിടാൻ ധൈര്യമില്ല. വോട്ടവകാശം നീക്കം ചെയ്താൽ ജനം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എന്നാൽ, തമിഴ്നാട്ടിൽ അത് അനുവദിക്കില്ല" - സ്റ്റാലിൻ പറഞ്ഞു. ബിഹാറിലെ 65 ലക്ഷം വോട്ടർമാരുടെ അവകാശമാണ് സമാനമായ നടപടിയിലൂടെ ഇലക്ഷൻ കമ്മീഷൻ ഇല്ലാതാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. "2026ലെ തിരഞ്ഞെടുപ്പിൽ, ഡിഎംകെയുടെ ഭരണത്തിനൊപ്പം തലയുയർത്തി നിൽക്കുന്നവരും ഡൽഹിക്കുമുമ്പിൽ തലകുനിച്ചു നിൽക്കുന്നവരും തമ്മിലുള്ള യുദ്ധത്തിൽ വോട്ട് ചെയ്തു കൊണ്ട് തമിഴ്നാട്ടിലെ ജനങ്ങൾ സംസ്ഥാനത്തിൻ്റെ ഭാവി തീരുമാനിക്കും" - അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്നത് തമിഴ്നാടിൻ്റെ സ്വാഭിമാനവും വ്യക്തിത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് സജ്ജമാകാൻ സ്റ്റാലിൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. "തമിഴ്നാട് ഒരുതരം സാമൂഹിക-സാംസ്കാരിക -സാമ്പത്തിക അധിനിവേശത്തെ അഭിമുഖീകരിക്കുകയാണ്. ഹിന്ദി, സംസ്കൃതം, ജിഎസ്ടി, ഗവർണർ തുടങ്ങിയ ആയുധമാക്കി കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണ് അവർ. ആർഎസ്എസിൻ്റെ പദ്ധതികൾ തമിഴ്നാട്ടിൽ വിലപ്പോവില്ല" - സ്റ്റാലിൻ ഊന്നിപ്പറഞ്ഞു. "ഡിഎംകെയുടെ ശക്തിയെന്തെന്ന് ബിജപിക്ക് ബോധ്യമുണ്ട്. അതുകൊണ്ടാണ് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ അവർ പുതിയ വഴികൾ തേടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു രാഷ്ട്രീയ ആയുധമാക്കുകയാണ്. എസ്ഐആർ പ്രഖ്യാപിച്ച് അവർ നമ്മളെ ഭീഷണിപ്പെടുത്തുകയാണ്. പക്ഷേ, നമ്മൾ തല കുനിക്കില്ല. 2021ലെ തിരഞ്ഞെടുപ്പിലേതു പോലെ ബിജെപി-എഐഎഡിഎംകെ കൂട്ടുകെട്ടിൽനിന്ന് തമിഴ്നാടിനെ രക്ഷിക്കണം. എഐഎഡിഎംകെ ബിജെപിയുടെ അടിമയായി മാറിക്കഴിഞ്ഞു" - അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ എസ്ഐആറിനെ ചെറുക്കുമെന്നും വോട്ട് കൊള്ളയെ പരാജയപ്പെടുത്തുമെന്നും ജനാധിപത്യത്തെ കൊല ചെയ്യാനുള്ള ഏതൊരു നീക്കത്തിനെതിരേയും സംസ്ഥാനം പോരാടുമെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു. ഇൻഡ്യ സഖ്യവുമായി ചർച്ച ചെയ്ത ശേഷം ചെന്നൈയിൽ നവംബർ 2ന് ചേരുന്ന സർവകക്ഷിയോഗത്തിലേക്ക് എല്ലാ അംഗീകൃത പാർട്ടികളെയും ക്ഷണിക്കും. പ്രസ്തുത യോഗത്തിലെ തീരുമാനം അനുസരിച്ചായിരിക്കും അനന്തര നടപടികൾ എന്നും സ്റ്റാലിൻ സൂചിപ്പിച്ചു. അതേസമയം, എസ്ഐആർ നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ തമിഴ്നാട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ അർച്ചന പട്നായിക് ഇന്ന് ചെന്നൈയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it