Latest News

ഗ്രാമപഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം ശക്തമാക്കും: മന്ത്രി വി അബ്ദുറഹിമാൻ

ഗ്രാമപഞ്ചായത്ത് തലത്തിൽ സ്പോർട്സ് കൗൺസിലുകളുടെ പ്രവർത്തനം ശക്തമാക്കും: മന്ത്രി വി അബ്ദുറഹിമാൻ
X

കോഴിക്കോട്:ഗ്രാമപഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ശക്തമാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പടനിലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ ഗ്രാമീണ മേഖലയില്‍ ഇടപെടുന്നതോടെ കുട്ടികളില്‍ കായിക സാക്ഷരത വളര്‍ത്താനും ലഹരി ഉപയോഗം പോലുള്ള ഗുരുതര സാമൂഹിക വിപത്തുകളില്‍നിന്ന് അവരെ അകറ്റി നിര്‍ത്താനും കഴിയുമെന്നും മന്ത്രി പറഞ്ഞു. കളിക്കളങ്ങളില്‍ യുവജനങ്ങളെ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതി നടപ്പാക്കുന്നത്. കളിക്കളം നിര്‍മിക്കാന്‍ സ്ഥലമില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ തുക അനുവദിക്കും. എല്ലാ പഞ്ചായത്തിലും ഒരു കായിക പരിശീലകനെ നല്‍കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ എത്തിയിരിക്കുകയാണ്. ലഭ്യമായ ഓരോ കളിക്കളങ്ങളിലും കായിക പരിശീലനം ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ പ്രദേശങ്ങളില്‍ സ്റ്റേഡിയങ്ങളും കളിക്കളങ്ങളും നിര്‍മിക്കാന്‍ 2000 കോടിയിലധികം രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. കിഫ്ബി വഴിയുള്ള 1200 കോടിയില്‍ 700 കോടിയോളം രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടുകള്‍, തദ്ദേശ വകുപ്പുകളുടെ ഫണ്ടുകള്‍ എന്നിവയെല്ലാം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനായതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരിലാണ് പടനിലത്ത് സ്റ്റേഡിയം നിര്‍മിക്കുന്നത്. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം പദ്ധതികള്‍ ഉള്‍പ്പെടുത്തി അനുവദിച്ച 50 ലക്ഷം രൂപയും പി ടി എ റഹീം എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപയും ചേര്‍ത്ത് ഒരു കോടി രൂപ ചെലവിലാണ് നിര്‍മാണം. പി ടി എ റഹീം എംഎല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ്ലാല്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍ ഷിയോലാല്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ശബ്‌നാ റഷീദ്, യു സി പ്രീതി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ കെ സി നൗഷാദ്, നജീബ് പാലക്കല്‍, എക്‌സി. എഞ്ചിനീയര്‍ എ പി എം മുഹമ്മദ് അഷ്‌റഫ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it