Latest News

തെരുവുനായ ശല്യം തടയാൻ അടിയന്തരമായി ഇടപെടണം: എസ്ഡിപിഐ

തെരുവുനായ ശല്യം തടയാൻ അടിയന്തരമായി ഇടപെടണം: എസ്ഡിപിഐ
X

പത്തനംതിട്ട: ജില്ലയിൽ രൂക്ഷമായ തെരുവുനായ ശല്യം തടയാൻ പ്രാദേശിക ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെടണമെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. നാടും നഗരവും ഭേദമില്ലാതെ തെരുവുനായകളുടെ ശല്യം അനുദിനം വർദ്ധിക്കുകയാണ്. വിദ്യാർത്ഥികളാണ് ഏറെയും നായകളുടെ ആക്രമണത്തിന് ഇരയാകുന്നത്. ഇരുചക്രവാഹന യാത്രികരും അപകടത്തിൽപ്പെടുന്നത് വർദ്ധിച്ചിട്ടുണ്ട്. അടുത്തിടെ വെച്ചൂച്ചിറയിൽ ഒരു വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പത്തനംതിട്ട ജില്ലാ ആസ്ഥാനം തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജ് പരിസരം തെരുവുനായകൾ കയ്യടക്കിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പന്തളം, കോഴഞ്ചേരി, അടൂർ, റാന്നി, കോന്നി, കൂടൽ, തിരുവല്ല, മല്ലപ്പള്ളി തുടങ്ങിയ മേഖലകളിലെല്ലാം തെരുവുനായകൾ ജനജീവിതത്തിന് ഭീഷണിയായിട്ടുണ്ട്.

ഈവർഷം സംസ്ഥാനത്ത് ഒരുഡസനോളം പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.

തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് വകയിരുത്താത്തതിനെ തുടർന്ന് സംസ്ഥാനത്തെ തെരുവ് നായ വന്ധ്യം കരണവും പേവിഷ പ്രതിരോധവും പാളുകയാണ്. തെരുവുനായ ആക്രമണവും പേവിഷബാധയേറ്റുള്ള മരണങ്ങളും വർദ്ധിക്കുമ്പോഴാണ് ഈ അനാസ്ഥ. മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ പുതിയ സാമ്പത്തിക വർഷത്തേക്ക് വകയിരുത്തിയ പണം ലഭ്യമാക്കിയാലേ പദ്ധതി പുനഃരാരംഭിക്കാനാകൂ. ഒരു നായയെ വന്ധ്യംകരിക്കാനും വാക്സിനേഷനുമായി 2,100 രൂപ വീതമാണ് ഗ്രാമപഞ്ചായത്തുകൾ വകയിരുത്തേണ്ടത്. നായ്ക്കളുടെ എണ്ണത്തിനനുസരിച്ച് ഒന്ന് മുതൽ മൂന്ന് ലക്ഷം രൂപവരെയാണ് ഒരു വർഷത്തേക്ക് പരമാവധി പദ്ധതിക്കായി വകയിരുത്തുന്നത്.

നിലവിലെ അലംഭാവം വെടിഞ്ഞ് തെരുവുനായകളെ വന്ധ്യംകരിക്കാനും ശല്യം നിയന്ത്രിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തര പദ്ധതികൾ കാണണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it