Latest News

നെല്ലിയാമ്പതിയിലേയ്ക്ക് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ്

നെല്ലിയാമ്പതിയിലേയ്ക്ക് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ്
X

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ നിന്ന് കെ എസ് ആര്‍ ടി സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷ്യല്‍ സര്‍വ്വീസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേയ്ക്കും ഉല്ലാസ യാത്രാ പാക്കേജ്. രാവിലെ 6 മണിക്ക് ആരംഭിച്ച ഉല്ലാസ യാത്രാ പാക്കേജിന്റെ ഫ്‌ലാഗ്ഓഫ് കര്‍മ്മം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വ്വഹിച്ചു. പൊതു അവധി ദിവസങ്ങളില്‍ മാത്രം നടത്തുന്ന സര്‍വ്വീസിന് ഒരാളില്‍ നിന്ന് ഈടാക്കുന്നത് 680 രൂപയാണ്. പ്രഭാത ഭക്ഷണവും, ഉച്ചഭക്ഷണവും, വൈകീട്ടത്തെ ചായയും സ്‌നാക്‌സും ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. വരയാടുമല സൈറ്റ് സീയിംഗ്, സീതാര്‍കുണ്ട് വ്യൂപോയിന്റ്, ഗവണ്‍മെന്റ് ഓറഞ്ച് ഫാം, കേശവന്‍പാറ പോയിന്റ്,

പോത്തുണ്ടി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഇരിങ്ങാലക്കുടയില്‍ നിന്നും ആരംഭിക്കുന്ന യാത്ര പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ പോത്തുണ്ടി വഴിയാണ് നെല്ലിയാമ്പതിക്ക് പോകുന്നത്. രാവിലെ 6 മണിക്ക് പുറപ്പെടുന്ന വണ്ടി രാത്രി 8.30 ഓടെ തിരിച്ചെത്തും. മുഴുവന്‍ തുകയും നല്‍കിയാണ് സീറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്പര്‍ 0480 2823990. ഫ്‌ലാഗ്ഓഫ് ചടങ്ങില്‍ മാള കെഎസ്ആര്‍ടിസി എടിഒ കെ ജെ സുനില്‍ അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി വികസന സമിതി ചെയര്‍മാന്‍ ടി എന്‍ കൃഷ്ണന്‍കുട്ടി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. യൂണിയന്‍ പ്രതിനിധികളും പങ്കെടുത്തു. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് അജിത് കുമാര്‍ സ്വാഗതവും ഇന്‍സ്‌പെക്ടര്‍ ടി കെ കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it