Latest News

പാവപ്പെട്ടവരെ കൂടുതലായി പരിഗണിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

പാവപ്പെട്ടവരെ കൂടുതലായി പരിഗണിക്കും: മന്ത്രി കെ രാധാകൃഷ്ണന്‍
X

തൃശൂര്‍: പാവപ്പെട്ടവരെ കൂടുതലായി പരിഗണിക്കുന്ന കാഴ്ചപ്പാടാണ് സര്‍ക്കാരിനുള്ളതെന്നും അതോടൊപ്പം പ്രകൃതിയെയും സംരക്ഷിക്കാന്‍ പ്രത്യേകം ശ്രമിക്കുമെന്നും പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ മൂലേപ്പട് എസ് സി ഫ്‌ലാറ്റിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പാവങ്ങളോടുള്ള അധികാരികളുടെ കാഴ്ചപ്പാട് മാറ്റിയ സര്‍ക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. അതിനാല്‍ തന്നെ അവര്‍ക്ക് വേണ്ട സൗകര്യം ഏര്‍പ്പാടാക്കാന്‍ സര്‍ക്കാര്‍ എന്നും പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിലെ എസ് സി, എസ്ടി വിഭാഗത്തിന്റെ ജനജീവിതത്തില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. എല്ലാ രംഗത്തും ഈ വിഭാഗം ഉയര്‍ന്നുവരുന്നു. ഇനിയും പൊതു സമൂഹത്തോടൊപ്പം ഈ വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരണമെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ഇപ്പോഴും അതിദാരിദ്ര്യം അനുഭവിക്കുന്നവരുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വികസന നയങ്ങള്‍ ശരിയായ വിധം ജനങ്ങളിലെത്തണം. ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കാനായി. അധികാരവും സമ്പത്തും വികേന്ദ്രീകരിച്ചു. സാധാരണക്കാര്‍ക്ക് എന്ത് ചെയ്തു കൊടുക്കണം എന്നതില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടായത് ഇതില്‍ നിന്നാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭന്‍, പത്മം വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യദുകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീജ സുഗതന്‍, മിന്റോ റെനി, ബബിത ഫിലോ, ചൊവ്വന്നൂര്‍ ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.കെ. ഹരിദാസന്‍, ടി.എസ് മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍ എം.എസ് മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി

ടി പി സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്തിന്റെ ആശ്രയ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ നിര്‍മിതി കേന്ദ്രം പൂര്‍ത്തീകരിച്ച മൂന്ന് നിലകളിലായി സ്ഥിതി ചെയ്യുന്ന 7 ഫ്‌ലാറ്റുകളും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതികളില്‍ പണി പൂര്‍ത്തീകരിച്ച 4 ഫ്‌ലാറ്റുകളുമാണ് തിരഞ്ഞെടുക്കപ്പെട്ട എസ് സി ഗുണഭോക്താക്കള്‍ക്കായി കൈമാറിയത്.

Next Story

RELATED STORIES

Share it