Latest News

പൂന്തുറ സിറാജിന്റെ ഖബറടക്കം നാളെ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍

പൂന്തുറ സിറാജിന്റെ  ഖബറടക്കം നാളെ പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍
X

തിരുവനന്തപുരം: ഇന്നു വൈകീട്ട് അന്തരിച്ച പിഡിപി വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ ഖബറടക്കം നാളെ രാവിലെ 11 ന് പൂന്തുറ പുത്തന്‍പള്ളി ഖബറിസ്ഥാനില്‍. അര്‍ബുദ രോഗബാധിതനായി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ചികില്‍സയിലിരിക്കെ വൈകീട്ടായിരുന്നു അന്ത്യം.

പൂന്തുറ ആലുകാട് നസീമ മന്‍സിലില്‍ പരേതനായ മൈതീന്‍ കുഞ്ഞിന്റേയും, സല്‍മ ബീവിയുടെയും മകനാണ് പൂന്തുറ സിറാജ്.

ഭാര്യ: മഅദനിയുടെ ഭാര്യാസഹോദരി സുഹാന. മക്കള്‍: മുഹമ്മദ് ഇര്‍ഫാന്‍, ലുബാബ ബത്തൂല്‍, ഫാത്തിമ അഫ്‌നാന്‍, മുസ്ഹബ്

സഹോദരങ്ങള്‍: നസീമ ബീവി, ബഷീര്‍, മാഹീന്‍, പരേതനായ അഷ്‌റഫ്, ഹുസൈന്‍, ഷമി, ബനാസിര്‍.

പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് ചെയര്‍മാന്‍, സീനിയര്‍ വൈസ്‌ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

1995 മുതല്‍ 3 ഘട്ടങ്ങളില്‍ മാണിക്യവിളാകം,അമ്പലത്തറ, പുത്തന്‍പള്ളി വാര്‍ഡുകളില്‍ നിന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറായിരുന്നു. എറണാകുളം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും അരുവിക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിലും 1996 ല്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലും 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനിയിലും പിഡിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.

മഅ്ദനി മോചന പരിശ്രമങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കുമായി പ്രവര്‍ത്തിച്ച പൂന്തുറ സിറാജ് മഅ്ദനിയുടെ വിശ്വസ്തനും പിഡിപി നേതൃനിരയില്‍ രണ്ടാമനുമായിരുന്നു.

പൂന്തുറ സിറാജിന്റെ നിര്യാണത്തില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി അനുശോചനം അറിയിച്ചു. പാര്‍ട്ടിയുടെ തുടക്കകാലം മുതല്‍ തന്റെ നിഴല്‍പോലെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നയാളും എല്ലാ പ്രതിസന്ധി ഘട്ടത്തിലും താങ്ങായി നിന്നയാളും വിശ്വസ്തനുമായിരുന്ന സിറാജിന്റെ അകാലത്തിലുള്ള വേര്‍പാട് തീരാനഷ്ടമാണെന്ന് മഅ്ദനി പറഞ്ഞു. തന്റെ ഭാര്യാസഹോദരി ഭര്‍ത്താവ് കൂടിയായ പൂന്തുറ സിറാജിന്റെ പരലോക രക്ഷക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിന് ശേഷം ജനാസ നിസ്‌ക്കരിക്കണമെന്നും മഅ്ദനി അഭ്യര്‍ഥിച്ചു.

പൂന്തുറ സിറാജിന്റെ നിര്യാണത്തില്‍ പിഡിപി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയുടെ ആദ്യകാലം മുതല്‍ നേതൃനിരയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും സംസ്ഥാനത്തൊട്ടാകെ ദലിത്-പിന്നോക്ക-ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്ത സിറാജിന്റെ വേര്‍പാട് പാര്‍ട്ടിക്കും മര്‍ദ്ദിത സമൂഹങ്ങള്‍ക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് വൈസ്‌ചെയര്‍മാന്‍ വര്‍ക്കല രാജ് പറഞ്ഞു.

Next Story

RELATED STORIES

Share it