Latest News

ഉത്സവം 2021: സംഗീത വിരുന്നൊരുക്കി നാടന്‍ കലാരൂപങ്ങള്‍

ഉത്സവം 2021: സംഗീത വിരുന്നൊരുക്കി നാടന്‍ കലാരൂപങ്ങള്‍
X

തൃശൂര്‍: സംഗീത വിരുന്നൊരുക്കി ഉത്സവം 2021ന്റെ മൂന്നാം ദിനം ജനപങ്കാളിത്തത്തോടെ നടന്നു. ജില്ലയില്‍ ഗുരുവായൂരും മൂര്‍ക്കനിക്കരയുമാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ഉത്സവം 2021ന്റെ രണ്ട് വേദികള്‍. കേരളത്തിലെ തനത് നാടന്‍ കലാരൂപങ്ങള്‍ക്കും പരമ്പരാഗത കലാകാരന്മാര്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനായാണ് ഉത്സവം 2021 നടത്തുന്നത്.

ഉത്സവം 2021ന്റെ തൃശൂരിലെ സ്ഥിരം വേദിയായ ഗുരുവായൂരില്‍ മൂന്നാം ദിനം സംഗീത സാന്ദ്രമായി. തൃശൂര്‍ ആറങ്ങോട്ടുകരയിലുള്ള വയലി ബാംബൂ ബാന്റിന്റെ മുള സംഗീതം ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായി. സ്വന്തമായി നിര്‍മ്മിച്ച 15 മുള ഉപകരണങ്ങളിലാണ് വയലി ടീം വിസ്മയം തീര്‍ത്തത്. ശാസ്ത്രീയ സംഗീതം, പ്രകൃതി സംഗീതം, സിനിമാ ഗാനങ്ങള്‍, താരാട്ട് പാട്ടുകള്‍ എന്നിവയ്ക്ക് പുറമെ സ്വയം കമ്പോസ് ചെയ്ത ഗാനങ്ങളും മുളയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കണ്ണൂര്‍ ദൃശ്യകലാ കേന്ദ്രത്തിന്റെ തോറ്റംപാട്ടും ഗുരുവായൂരില്‍ അരങ്ങേറി. ചെന്താര രാജസൂയം കോല്‍ക്കളിയും കാവില്‍ സുന്ദരന്‍ മാരാരുടെ കുടുക്ക് വീണ എന്ന വാദ്യ സംഗീതവുമാണ് മൂര്‍ക്കനിക്കരയില്‍ അരങ്ങേറിയത്.

വേദിയില്‍ വെച്ച് മുള സംഗീത കലാകാരന്‍ കുട്ടന്‍, തോറ്റം പാട്ട് കലാകാരന്‍ ശിവദാസന്‍ എന്നിവരെ ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസും നഗരസഭ സെക്രട്ടറി പി എസ് ഷിബുവും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഫെബ്രുവരി 26 വരെ ദിവസവും വൈകീട്ട് 6 മുതല്‍ 9 വരെ പല ജില്ലകളില്‍ നിന്നുള്ള വിവിധ കേരളീയ കലാരൂപങ്ങള്‍ ഉത്സവം 2021ല്‍ അരങ്ങേറും.

Next Story

RELATED STORIES

Share it