Latest News

വൈഗയിലൂടെ കൃഷിയെ ആധുനികവല്‍ക്കരിക്കാനായി: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

വൈഗയിലൂടെ കൃഷിയെ ആധുനികവല്‍ക്കരിക്കാനായി: മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്
X

തൃശൂര്‍: കാര്‍ഷികമേഖലയില്‍ പ്രകടമായ മാറ്റം കൊണ്ടുവരാനും കൃഷിയെ ആധുനിക വല്‍ക്കരിക്കാനും വൈഗക്ക് കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. വൈഗയുടെ അഞ്ചാം പതിപ്പ് തൃശൂര്‍ ടൗണ്‍ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കാര്‍ഷിക വിപ്ലവം നടന്നുവെന്നും കാര്‍ഷികമേഖലയില്‍ അതിശയകരമായ മുന്നേറ്റമാണ് അഞ്ചു വര്‍ഷം നടന്നതെന്നും കേരളത്തിലെ കാര്‍ഷിക നയങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നടപ്പാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മൂല്യവര്‍ധിത ഉത്പാദന രംഗത്ത് വൈഗയിലൂടെ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായതെന്ന് അധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. വൈഗയിലൂടെ പ്രചോദനം ഉള്‍ക്കൊണ്ട അമ്പതിലധികം സംരംഭകര്‍ ദേശീയ തലത്തിലും അന്തര്‍ സംസ്ഥാന തലത്തിലും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നുണ്ട്.

വൈഗയിലൂടെ വ്യാപകമായി ചക്കയുടെ നിരവധി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ ചക്കയെ സംസ്ഥാന ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

കേരളത്തിന്റെ പ്രകൃതിദത്ത പോഷകസമൃദ്ധമായ തേന്‍ 'കേരള ഹണി' എന്ന പേരില്‍ വൈഗയുടെ വേദിയില്‍ ബ്രാന്‍ഡിങ് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പുതിയ സംരംഭകരുടെ സംരംഭക സഹായത്തിനായി 46 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തൃശൂര്‍ ആസ്ഥാനമായി ആരംഭിക്കുന്ന കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഈയാഴ്ച ഉദ്ഘാടനം ചെയ്യുമെന്നും കൃഷിമന്ത്രി പറഞ്ഞു.

പ്രത്യേകമായി തയ്യാറാക്കിയ ചേന വിളക്ക് തെളിയിച്ചാണ് ഉദ്ഘാടനം നടത്തിയത്. വൈഗയുടെ പ്രധാന ആകര്‍ഷണമായി നടക്കുന്ന വെര്‍ച്വല്‍ എക്‌സിബിഷന്റെ സ്വിച്ച് ഓണ്‍കര്‍മവും കൃഷിവകുപ്പ് മന്ത്രി നിര്‍വഹിച്ചു.

2021 ലെ വൈഗ കലണ്ടര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നല്‍കി കൃഷിമന്ത്രി പ്രകാശനം ചെയ്തു. ഐക്യരാഷ്ട്രസഭ 2021 വര്‍ഷത്തെ പഴംപച്ചക്കറി വര്‍ഷമായി പ്രഖ്യാപിച്ചത് ആസ്പദമാക്കി ഇടുക്കി ജില്ലയിലെ മണക്കാട് കൃഷി ഓഫീസര്‍ ആനന്ദ് വിഷ്ണു പ്രകാശ് പ്രത്യേകം തയ്യാറാക്കിയതാണ് 2021 വൈഗ കലണ്ടര്‍. പ്രാദേശികമായി ലഭിക്കുന്ന പഴങ്ങളുടെയും പച്ചക്കറികളുടെയും അതത് മാസങ്ങളുടെ ലഭ്യത അടിസ്ഥാനപ്പെടുത്തിയാണ് കലണ്ടര്‍ നിര്‍മിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ കേരളകര്‍ഷകന്‍ മാസികയിലെ

കൃഷിമന്ത്രിയുടെ ലേഖനങ്ങള്‍ ചേര്‍ത്ത് പുറത്തിറക്കിയ 'സസ്‌നേഹം കൃഷിമന്ത്രി' എന്ന പുസ്തകത്തിന്റെ പ്രകാശനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി മേയര്‍ എം കെ വര്‍ഗീസിന് നല്‍കി നിര്‍വഹിച്ചു.

ഫെബ്രു. 14 വരെയാണ് നഗരത്തിലെ അഞ്ചു വേദികളിലായി വൈഗ നടക്കുക.

വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി അഞ്ചുദിവസം കര്‍ഷകര്‍ക്കും കാര്‍ഷിക സംരംഭങ്ങള്‍ക്കും ആയി സാങ്കേതിക സെഷനുകളും കാര്‍ഷിക മേഖലയിലെ നൂതന ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശന സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. കാര്‍ഷിക സംരംഭകര്‍ക്കായി

വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ബി 2 ബി മീറ്റ്, കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, പൊതുജനങ്ങള്‍, കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കുചേരുന്ന അഗ്രി ഹാക്കത്തോണും വൈഗയിലെ പ്രധാന ആകര്‍ഷണമാണ്.

ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ പദ്ധതി വിശദീകരണവും കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ചന്ദ്ര ബാബു വൈഗ സാങ്കേതിക മാര്‍ഗരേഖ അവതരണവും നടത്തി. എംഎല്‍എമാരായ മുരളി പെരുനെല്ലി, കെ വി അബ്ദുള്‍ ഖാദര്‍, ഗീതാ ഗോപി, മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കൗണ്‍സിലര്‍മാരായ പി കെ ഷാജന്‍, സാറമ്മ റോബ്‌സണ്‍,

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി നന്ദകുമാര്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. കെ വാസുകി കാര്‍ഷികോല്പാദന കമ്മീഷണര്‍ ഇഷിത റോയ്, ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, കൃഷിവകുപ്പ് ഡയറക്ടര്‍മാര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it