Latest News

ഒളകര ആദിവാസി ഭൂപ്രശ്‌നം: ഒരോ കുടുംബത്തിനും 93.3 സെന്റ് ഭൂമി നല്‍കുമെന്ന് മന്ത്രി -കേസുകള്‍ പിന്‍വലിച്ചു

ഒളകര ആദിവാസി ഭൂപ്രശ്‌നം: ഒരോ കുടുംബത്തിനും 93.3 സെന്റ് ഭൂമി നല്‍കുമെന്ന് മന്ത്രി    -കേസുകള്‍ പിന്‍വലിച്ചു
X

തൃശൂര്‍: ജില്ലയിലെ ഒളകര ആദിവാസി കോളനി നിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കല്‍ നടപടി വേഗത്തിലാക്കുമെന്നും ഈ സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ തന്നെ അവര്‍ക്കുള്ള ഭൂരേഖ കൈമാറുമെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ ജില്ലാ ആദിവാസി സമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായി ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, ജില്ലാ കലക്ടര്‍ എസ് ഷാനവാസ് മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഡിസംബര്‍ 23 ന് ഒളകര സന്ദര്‍ശിച്ച് നടപടികള്‍ വേഗത്തിലാക്കും.

ഒളകര ആദിവാസി കോളനി നിവാസികളുടെ കാലാകാലങ്ങളായുള്ള ആവശ്യമാണ് 44 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുക എന്നത്. ഇവര്‍ക്ക് വനഭൂമിയില്‍ അവകാശം ഉണ്ടെന്നും, യാതൊരു വിധ വനനശീകരണ പ്രവര്‍ത്തനവും ചെയ്യാത്ത ഇവരുടെ കാര്യത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും ഇതിന് വേണ്ട നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

ഒരു കുടുംബത്തിന് 93.3 സെന്റ് ഭൂമി എന്ന കണക്കില്‍ മൊത്തം 41 ഏക്കര്‍ ഭൂമി 44 കുടുംബങ്ങള്‍ക്കായി വിഭജിച്ചു നല്‍കും. കൂടാതെ പൊതു ശ്മശാനം, കളിസ്ഥലം , കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയവക്കായി 2 ഏക്കര്‍ ഭൂമിയും നല്‍കും.പൊതു റോഡുകള്‍, തോട്, ക്ഷേത്രം എന്നിവക്കായും സ്ഥലം നല്‍കും. ഒളകര ആദിവാസികള്‍ക്ക് നേരെ വനംവകുപ്പ് ചുമത്തിയിട്ടുള്ള കേസുകളെല്ലാം പിന്‍വലിച്ചതായും ട്രയല്‍ കേസുകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്നും മന്ത്രി അറിയിച്ചു.10 വര്‍ഷത്തില്‍ ഏറെയായി പൂട്ടി കിടക്കുന്ന പാലപ്പിള്ളി പട്ടികവര്‍ഗ സഹകരണ സംഘം തുറന്നു പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടികള്‍ കൈ കൊള്ളും. കൂടാതെ ആദിവാസികളില്‍ നിന്ന് വനവിഭവങ്ങള്‍ നേരിട്ട് സ്വീകരിച്ച് പൊതു വിപണിയില്‍ വിപണനം ചെയ്ത് അവരെ സാമ്പത്തിക പുരോഗതിയുടെ ഭാഗമാക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇതോടൊപ്പം മണിയന്‍ കിണര്‍ ആദിവാസികള്‍ക്ക് അനുവദിച്ച മുഴുവന്‍ ഭൂമിക്കും വനാവകാശരേഖ നല്‍കല്‍, കള്ളിച്ചിത്ര ഭൂവിതരണം, ഹൈ കോടതി വിധി നടപ്പിലാക്കല്‍, എച്ചിപ്പാറ, വല്ലൂര്‍, മരോട്ടിച്ചാല്‍ തുടങ്ങിയ ആദിവാസി ഊരുകളിലെ ഭൂപ്രശ്‌നം എന്നിവയും പരിഗണിക്കും. താമരവെള്ളച്ചാല്‍ ആദിവാസികള്‍ക്ക് അനുവദിച്ച ഭൂമിയില്‍ കൃഷി ഇറക്കുന്നതിനുള്ള സമിതിയുടെ ആവശ്യവും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, എ സി പി വി കെ രാജു, ആര്‍ ഡി ഒ എന്‍ കെ കൃപ,പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ രാജേഷ്, ചാലക്കുടി ടി ഡി ഒ സന്തോഷ് കുമാര്‍ ഇ ആര്‍, ചാലക്കുടി ഡി എഫ് ഒ സംബുദ്ധ മജുംദര്‍, പാലപ്പള്ളി ആര്‍ എഫ് ഒ പ്രേം ഷമീര്‍ കെ പി,

തൃശ്ശൂര്‍ തഹസില്‍ദാര്‍ സന്ദീപ് എം, മണിയന്‍ കിണര്‍ ഊരുമൂപ്പന്‍ എം എ കുട്ടന്‍, ഒളകര ഊരു മൂപ്പത്തി മാധവി, ജില്ലാ ആദിവാസി സമിതി പ്രസിഡന്റ് ടി സി വാസു, സെക്രട്ടറി എം എന്‍ പുഷ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it