Latest News

ശബരിമലയിൽ മണ്ഡലകാലത്ത് പ്രതിദിനം 1000 പേരെ പ്രവേശിപ്പിച്ചാൽ മതിയെന്ന് ഉന്നതതല സമിതി

ശബരിമലയിൽ മണ്ഡലകാലത്ത് പ്രതിദിനം 1000 പേരെ പ്രവേശിപ്പിച്ചാൽ മതിയെന്ന് ഉന്നതതല സമിതി
X

പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലത്ത് പ്രതിദിനം 1000 പേരെ പ്രവേശിപ്പിച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി. സീസൺ ആരംഭിച്ച ശേഷം സാഹചര്യങ്ങൾ വിലയിരുത്തി മറ്റ് തീരുമാനങ്ങൾ എടുക്കാമെന്നും ഉന്നതതല സമിതി അറിയിച്ചു. ഒരു ദിവസം 10,000 തീർത്ഥാടകരെ എങ്കിലും അനുവദിക്കണമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ആവശ്യം. 60 കോടി രൂപയോളം ഇത്തവണ സീസൺ മുന്നിൽക്കണ്ട് ചെലവാക്കിയിട്ടുണ്ട്. തീർത്ഥാടകർ എത്താതിരുന്നാൽ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും.

15 മണിക്കൂറോളം നട തുറന്നിരിക്കുന്നതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തീർത്ഥാടകരെ പ്രവേശിപ്പിക്കാം എന്നും ദേവസ്വം ബോർഡ് സമിതിയെ അറിയിച്ചിരുന്നു. സാധാരണ ദിവസങ്ങൾ ഒഴിച്ച് വാരാന്ത്യങ്ങളിൽ 2000 പേരെ വരെ പ്രവേശിപ്പിക്കാം എന്നും കൂടുതൽ ആളുകളെ പ്രവേശിപ്പിക്കുന്നത് സീസണിലെ തീർത്ഥാടന ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷം ആകാമെന്നുമാണ് യോ​ഗത്തിന്റെ തീരുമാനം. ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, ആരോഗ്യസെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസി‍ണ്ടൻ്റ് എന്നിവരാണ് യോ​ഗത്തിലുണ്ടായിരുന്നത്.

മണ്ഡല തീര്‍ത്ഥാടന കാലത്ത് സാധാരണ ദിവസങ്ങളിൽ 1000 പേരേയും വാരാന്ത്യങ്ങളില്‍ 2000 പേരേയും വിശേഷ ദിവസങ്ങളില്‍ 5000 പേരേയും അനുവദിക്കാമെന്നാണ് ചീഫ് സെക്രട്ടറ തല സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നിലയ്ക്കലും പമ്പയിലും ആന്‍റിജന്‍ ടെസ്റ്റിനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

തുലാമാസ പൂജകള്‍ക്ക് ശബരിമല തുറന്നപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചിരുന്നു. പ്രതിദിനം 250 പേരെ, കൊവിഡ് സർട്ടിഫിക്കെറ്റ് നോക്കി മാത്രമാണ് പ്രവേശിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് മണ്ഡലകാലത്തും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുളള ദർശനം.

Next Story

RELATED STORIES

Share it