Latest News

കാര്‍ഷിക സര്‍വ്വകലാശാല നാമനിര്‍ദേശം ചെയ്ത കര്‍ഷകര്‍ക്ക് ദേശീയ അംഗീകാരം

കാര്‍ഷിക സര്‍വ്വകലാശാല നാമനിര്‍ദേശം ചെയ്ത കര്‍ഷകര്‍ക്ക് ദേശീയ അംഗീകാരം
X

തൃശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ബൗദ്ധികസ്വത്തവകാശ സെല്‍ നല്‍കിയ നാമ നിര്‍ദേശം ചെയ്ത നാട്ടു മാഞ്ചോട്ടില്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ഇന്‍ഡിജീനസ് ഫ്രൂട്ട് പ്ലാന്റ്‌സ് കണ്‍സര്‍വേഷന്‍ ആന്‍ഡ് റിസര്‍ച്ച് ട്രസ്റ്റിന് അംഗീകാരം. കേന്ദ്ര സര്‍ക്കാരിന്റെ സസ്യ ജനിതക സംരക്ഷക കൂട്ടായ്മയ്ക്കുള്ള പുരസ്‌കാരമാണ് ഇവരെ തേടിയെത്തിയിരിക്കുന്നത്.

നാട്ടു മാഞ്ചോട്ടില്‍ ഗ്രൂപ്പ് 2016 ല്‍ സര്‍ക്കാരിതര സംഘടനയായാണ് ആദ്യം രൂപീകരിച്ചത്. നാട്ടു മാവുകളെകുറിച്ചും അതിന്റെ വൈവിധ്യങ്ങളെകുറിച്ചും പഠനം നടത്തുകയും വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന നാട്ടുമാവുകളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമാണ് കണ്ണൂരിലെ ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഇവരുടെ പ്രവര്‍ത്തന ഫലമായി ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക ഗ്രാമമായി കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം ഗ്രാമ പഞ്ചായത്തിനെ 2020 ജൂലൈ 22 ന് പ്രഖ്യാപിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച 200 ഓളം മാവുകള്‍ ഇവര്‍ സംരക്ഷിച്ചു വരുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 10 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് ദേശീയ അംഗീകാരമായി ലഭിച്ചിരിക്കുന്നത്. നാട്ടുമാഞ്ചോട്ടില്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ദീപിപ്പിക്കുന്നതിനും മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും അന്യം നിന്ന് പോകുന്ന മറ്റു ഫലവൃക്ഷങ്ങള്‍ സരക്ഷിക്കുന്നതിനുമാണ് ഈ അവാര്‍ഡ് തുക അവര്‍ ഉപയോഗിക്കുക.

കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ബൗദ്ധികസ്വത്തവകാശ സെല്‍ നാമനിര്‍ദേശം ചെയ്ത കാസര്‍കോട് ജില്ലയിലെ ബെള്ളൂരിലെ നെല്ല് കര്‍ഷകനായ സത്യനാരായണ ബെലേരി, കേന്ദ്ര സര്‍ക്കാരിന്റെ സസ്യ ജനിതക സംരക്ഷക റിവാര്‍ഡിന് അര്‍ഹനായി. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 1.5 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അംഗീകാരമായി ലഭിച്ചത്. ആര്യന്‍, ചിറ്റേണി, കയമ, പറമ്പുവട്ടന്‍, തെക്കഞ്ചീര എന്നിങ്ങനെ പരമ്പരാഗത നെല്ലിനങ്ങളും അദ്ദേഹത്തിന്റെ അമൂല്യ ശേഖരത്തില്‍ ഉള്‍പ്പെടുന്നു. നവര, രക്തശാലി, കരിഗജാവലി തുടങ്ങിയ ഔഷധഗുണങ്ങളുള്ള നെല്ലിനങ്ങളും കവുങ്ങ്, ജാതി, കുരുമുളക്, ചക്ക എന്നിവയും അദ്ദേഹം സംരക്ഷിക്കുന്നു.

Next Story

RELATED STORIES

Share it