Latest News

നാഷണല്‍ ഹെറാല്‍ഡ് കേസ്: കേന്ദ്ര ഏജന്‍സികളുടെ അധികാരദുരുപയോഗത്തിനെതിരേ കോണ്‍ഗ്രസ് ആസ്ഥാനത്ത് നേതാക്കളുടെ സത്യാഗ്രഹം

നാഷണല്‍ ഹെറാല്‍ഡ് കേസ്: കേന്ദ്ര ഏജന്‍സികളുടെ അധികാരദുരുപയോഗത്തിനെതിരേ കോണ്‍ഗ്രസ് ആസ്ഥാനത്ത് നേതാക്കളുടെ സത്യാഗ്രഹം
X

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അഞ്ചാം ദിവസത്തേക്ക് കടക്കുമ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനത്ത് സത്യാഗ്രഹം നടത്തി. നാഷണല്‍ ഹെരാല്‍ഡ് പത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളിപ്പിച്ചുവെന്നാണ് രാഹുലിനും മാതാവ് സോണിയാഗാന്ധിക്കുമെതിരേയുളള ആരോപണം. കഴിഞ്ഞ അഞ്ച് ദിവസമായി രാഹുലിനെ ഇ ഡി ആസ്ഥാനത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സോണിയാഗാന്ധിക്ക് സമന്‍സ് നല്‍കിയിട്ടുണ്ടെങ്കിലും അവര്‍ കൊവിഡാനന്തര രോഗംബാധിച്ച് ആശുപത്രിയിലാണ്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരുള്‍പ്പെടെയുളള നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നേതാക്കളുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചെങ്കിലും അനുമതിയില്ലാത്തതിനാല്‍ പോലിസ് തടഞ്ഞു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്താന്‍ അനുമതി നല്‍കിയിരുന്നെങ്കിലും മാര്‍ച്ച് അനുവദിച്ചിരുന്നില്ലെന്ന് പോലിസ് അറിയിച്ചു.

ജനങ്ങളെ വിഡ്ഢികളാക്കാന്‍വേണ്ടി ജനാധിപത്യ വിശ്വാസികളായി വേഷമിടുന്ന ബിജെപി നേതാക്കളെ അശോക് ഗെലോട്ട് 'ഫാഷിസ്റ്റുകള്‍' എന്ന് വിശേഷിപ്പിച്ചു. തന്റെ അനുയായികള്‍ക്കൊപ്പം ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് ഓഫിസിന് പുറത്ത് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

'അവര്‍ (ബിജെപി നേതാക്കള്‍) ഫാഷിസ്റ്റുകളാണ്, ജനാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞവരാണ്. ഒരു സമുദായത്തെ മറ്റൊന്നിനെതിരെ നിര്‍ത്തി സാമൂഹിക ഘടന തകര്‍ക്കുകയാണ്'- ബാഗേല്‍ പറഞ്ഞു.

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് ചുറ്റും പോലിസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ ചില തടസ്സങ്ങള്‍ എടുത്തുമാറ്റി.

സര്‍ക്കാരിന്റെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രം മാത്രമാണ് അഗ്നിപഥ് പദ്ധതിയെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.

പാര്‍ട്ടി എംപിമാരെ പൊലിസ് പീഡിപ്പിക്കുന്നുവെന്നും അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നും ആരോപിച്ച് പാര്‍ട്ടി നേതാക്കള്‍ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് പരാതി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it