Latest News

സിനിമാ ഷൂട്ടിങ്ങുകള്‍ക്ക് നേരെ തുടരുന്ന ആര്‍എസ്എസ് അതിക്രമത്തെ നിലയ്ക്ക് നിര്‍ത്തണം അതിജീവന കലാസംഘം

ആവിഷ്‌കാര സ്വാതന്ത്ര്യമുള്ള രാജ്യത്ത് സംഘപരിവാരത്തിന് ഇഷ്ടമില്ലാത്തത് അഭിനയിക്കാനും, ചിത്രീകരിക്കാനും സാധിക്കില്ലെന്ന് പറയുന്നത് ഒരിക്കലും വകവെച്ചുകൊടുക്കാന്‍ സാധ്യമല്ല

സിനിമാ ഷൂട്ടിങ്ങുകള്‍ക്ക് നേരെ തുടരുന്ന ആര്‍എസ്എസ് അതിക്രമത്തെ നിലയ്ക്ക് നിര്‍ത്തണം അതിജീവന കലാസംഘം
X

കോഴിക്കോട്: സിനിമ ഷൂട്ടിങ്ങുകള്‍ക്ക് നേരെ നിരന്തരമായി തുടര്‍ന്നു വരുന്ന ആര്‍.എസ്.എസ് അതിക്രമത്തെ ഭരണകൂടം നിലയ്ക്കു നിര്‍ത്തണമെന്ന് അതിജീവന കലാസംഘം സംസ്ഥാന ട്രഷറര്‍ എം.ടി.പി. അഫ്‌സല്‍ ആവശ്യപെട്ടു. പാലക്കാട് കടകമ്പഴം ക്ഷേത്ര മൈതാനത്തു നടന്ന സിനിമ ഷൂട്ടിങ്ങിനു നേരെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. ഹിന്ദു മുസ്‌ലിം പ്രണയം പറയുന്ന സിനിമ ആയതിനാലാണ് അക്രമം നടത്തിയതെന്നും കഥയുടെ ഉള്ളടക്കം മുഴുവന്‍ ഇവര്‍ കേട്ട ശേഷം ഇത് എവിടെയും ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപെടുത്തുകയും, നിരവധി ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്‌തെന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല.


ആവിഷ്‌കാര സ്വാതന്ത്ര്യമുള്ള രാജ്യത്ത് സംഘപരിവാരത്തിന് ഇഷ്ടമില്ലാത്തത് അഭിനയിക്കാനും, ചിത്രീകരിക്കാനും സാധിക്കില്ലെന്ന് പറയുന്നത് ഒരിക്കലും വകവെച്ചുകൊടുക്കാന്‍ സാധ്യമല്ല. കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നൃത്തം ചെയ്തതിനെ വര്‍ഗീയ വത്കരിച്ചതുള്‍പ്പെടെയുള്ള സംഘപരിവാര നീക്കങ്ങള്‍ സമൂഹത്തില്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ കലകള്‍ക്ക് നേരെയുള്ള അക്രമം സംഘപരിവാര്‍ സ്ഥിരം തൊഴിലായി മാറ്റിയിരിക്കുകയാണ്. സമീപകാലത്ത് എറണാകുളം ജില്ലയില്‍ മിന്നല്‍ മുരളിയുടെ ലൊക്കേഷനിലേക്ക് ഇരച്ചു കയറി അക്രമം നടത്തിയതും സംഘപരിവാരം തന്നെയാണ്. ഭരണഘടന വകവെച്ചു നല്‍കുന്ന അവകാശങ്ങള്‍ക്ക് നേരെ വെല്ലുവിളി ഉയര്‍ത്തി ആര്‍എസ്എസ് സംഘം ഇത്തരം അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ മൗനം അവലംബിക്കുന്നത് ജനാധിപത്യത്തിനോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. ഇത്തരം സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം പ്രതിഷേധങ്ങളുമായി കലയെ സ്‌നേഹിക്കുന്നവര്‍ രംഗത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it