Latest News

'ആര്‍ത്തവമുണ്ടെന്ന് തെളിയിക്കണം'; സ്ത്രീ തൊഴിലാളികളെ അപമാനിച്ച സൂപ്പര്‍വൈസര്‍മാര്‍ക്കെതിരേ കേസ്

ആര്‍ത്തവമുണ്ടെന്ന് തെളിയിക്കണം; സ്ത്രീ തൊഴിലാളികളെ അപമാനിച്ച സൂപ്പര്‍വൈസര്‍മാര്‍ക്കെതിരേ കേസ്
X

റോഹ്തക്ക്: ഹരിയാനയിലെ റോഹ്തക്കിലുള്ള മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ അപമാനത്തിനിരയായി സ്ത്രീ തൊഴിലാളികള്‍. സൂപ്പര്‍വൈസര്‍മാരില്‍ നിന്നാണ് ഇവര്‍ക്ക് അപമാനം നേരിടേണ്ടിവന്നത്. സ്ത്രീ തൊഴിലാളികളോട് ആര്‍ത്തവമുണ്ടെന്ന് തെളിയിക്കാന്‍ ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. ഒക്ടോബര്‍ 26 ന് ഹരിയാന ഗവര്‍ണറായ അസിം കുമാര്‍ ഘോഷ് സര്‍വകലാശാല സന്ദര്‍ശിച്ച അതേ ദിവസമാണ് ഈ സംഭവം അരങ്ങേറിയത്.

നേരം വൈകി വന്നതിന് സൂപ്പര്‍വൈസര്‍മാരായ വിനോദ് കുമാറും വീതേന്ദര്‍ കുമാറും സ്ത്രീ തൊഴിലാളികളെ ചോദ്യം ചെയ്തു. മറുപടിയായി ആര്‍ത്തവദിവസമായതിനാല്‍ തങ്ങള്‍ക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടെന്നും അതുകൊണ്ടാണ് വൈകിയതെന്നും അവര്‍ പറയുകയായിരുന്നു. ഇതില്‍ രോഷം പൂണ്ട ഇരുവരും സ്ത്രീകളോട് കള്ളം പറയരുതെന്നും ആര്‍ത്തവമാണെങ്കില്‍ തെളിവ് കാണിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

തങ്ങളില്‍ ഒരാളോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞതായും സാനിറ്ററി പാഡുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടതായും സ്ത്രീകള്‍ പറഞ്ഞു. പുരുഷന്മാര്‍ 'തെളിവായി' പാഡുകളുടെ ഫോട്ടോകള്‍ പോലും എടുത്തെന്നും സ്ര്തീകള്‍ പറയുന്നു. തുടര്‍ന്ന് സ്ത്രീകള്‍ ഇതിനെതിരേ പ്രതിഷേധിക്കുകയും ഇതറിഞ്ഞ് വിദ്യാര്‍ഥികളും മറ്റു ശുചീകരണതൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കുചേരുകയും ചെയ്തു.

പ്രതിഷേധത്തെ തുടര്‍ന്ന്, എംഡിയു രജിസ്ട്രാര്‍ ഡോ. കൃഷ്ണകാന്ത് ഗുപ്തയും വൈസ് ചാന്‍സലര്‍ പ്രൊഫ. രാജ് വീര്‍ സിങും സ്ഥലത്തെത്തി സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി. സംഭവത്തില്‍, രണ്ട് സൂപ്പര്‍വൈസര്‍മാരെയും സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ റോഹ്തക്കില്‍ തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

വിഷയത്തില്‍, ഹരിയാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഒരു സ്ത്രീയോട് അവരുടെ ആര്‍ത്തവം തെളിയിക്കാന്‍ പറയുന്നതിലും വലിയ നാണക്കേട് വേറെയില്ലെന്ന് വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ രേണു ഭാട്ടിയ പറഞ്ഞു. വിഷയത്തില്‍ പോലിസിനോട് വിശദമായ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it