Latest News

മാധ്യമ വേട്ട; അഭിപ്രായ സ്വതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമെന്ന് മുല്ലപ്പള്ളി

വിവരങ്ങള്‍ അറിയാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. സ്വാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇനിയും ചോദ്യം ചോദിച്ചുകൊണ്ടെയിരിക്കും.

മാധ്യമ വേട്ട; അഭിപ്രായ സ്വതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമെന്ന് മുല്ലപ്പള്ളി
X

കോഴിക്കോട്: മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത അസുഖകരമായ ചോദ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സൈബര്‍ ഗുണ്ടകളെ വിട്ടു അക്രമം അഴിച്ചുവിടുന്ന സിപിഎം നടപടി നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിനെതിരേയുള്ള കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

വിവരങ്ങള്‍ അറിയാനുള്ള അവകാശം മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ട്. സ്വാഭിമാനമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇനിയും ചോദ്യം ചോദിച്ചുകൊണ്ടെയിരിക്കും. മുഖ്യമന്ത്രിക്ക് മംഗളപത്രം എഴുതുന്ന അവസരസേവകരും സ്തുതിപാഠകന്‍മാരുമല്ല എല്ലാ മാധ്യമപ്രവര്‍ത്തകരും. എല്ലാ കാലത്തും മാധ്യമപ്രവര്‍ത്തകരെ അസിഹിഷ്ണുതയോടെയാണ് മുഖ്യമന്ത്രി നേരിടുന്നത്. തന്റെ ക്ഷോഭത്തിലൂടെ അവരെ നിശബ്ദരാക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട. പ്രതിദിന സായാഹ്ന വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സ്തുതിപാഠകരിലൂടെ ഉപരോധിക്കാനാണ് എന്നും മുഖ്യമന്ത്രി ശ്രമിക്കുന്നത്. അപ്രഖ്യാപിത മാധ്യമവിലക്കാണിത്. എതിര്‍ക്കുന്നവരെ തകര്‍ക്കുന്ന സേച്ഛാധിപതികളായ സ്റ്റാലിന്റെയും കിം ജോങ് ഉന്നിന്റെയും മാര്‍ഗമാണ് മുഖ്യമന്ത്രിയുടേത്.

കൊവിഡ് രോഗിയെ ആശുപത്രയിലെത്തിക്കുന്നതില്‍ കാലതാമസമുണ്ടായ ഗുരുതരമായ വീഴ്ച ചൂണ്ടികാണിച്ച മനോരമ ചാനലിലെ അവതാരകനായ അയ്യപ്പദാസിനെതിരേയും സ്പ്രിങ്ഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് ഇഷ്ടപെടാത്ത ചോദ്യം ചോദിച്ചതിന്റെ പേരില്‍ ജയ്ഹിന്ദ് ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേയും സമാനരീതിയിലുള്ള അക്രമങ്ങളാണ് സിപിഎം നടത്തിയത്. ലിംഗവ്യത്യാസമില്ലാതെ എതിരാളികളെ തേജോവധം ചെയ്യുകയാണ് സിപിഎം സൈബര്‍ ഗുണ്ടകളുടെ ശൈലി. മുഖ്യമന്ത്രിയുടെ ശബ്ദതാരാവലിയിലെ നീചപദങ്ങളെക്കാളും തരംതാണ പദപ്രയോഗമാണ് ഇക്കൂട്ടരുടേത്. തങ്ങളുടെ രാഷ്ട്രീയ ഗുരുനാഥനില്‍ നിന്നും രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ സ്വീകരിച്ച ഈ സൈബര്‍ ഗുണ്ടകളില്‍ നിന്നും ഇതിലപ്പുറം ഒന്നും പ്രതിക്ഷിക്കാനില്ല. സ്വതന്ത്രവും നിര്‍ഭയുമായ മാധ്യമപ്രവര്‍ത്തനത്തെ വിലമതിക്കുന്നു എങ്കില്‍ സ്വന്തം അണികളെ നിയന്ത്രിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it