Latest News

അമ്മ സാരിയില്‍ തൂങ്ങി മരിച്ചെന്ന്; മകനെ കസ്റ്റഡിയിലെടുത്തു

അമ്മ സാരിയില്‍ തൂങ്ങി മരിച്ചെന്ന്; മകനെ കസ്റ്റഡിയിലെടുത്തു
X

കൊച്ചി: അരയന്‍കാവില്‍ മധ്യവയസ്‌കയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകനെ കസ്റ്റഡിയിലെടുത്തു. വെളുത്താന്‍കുന്ന് അറയ്ക്കപ്പറമ്പില്‍ ചന്ദ്രിക (58)യെയാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ അഭിജിത്തിനെ മുളന്തുരുത്തി പോലിസ് കസ്റ്റഡിയിലെടുത്തു.

ചന്ദ്രിക മരിച്ചതായി മകന്‍ ഇന്നു രാവിലെയാണ് അയല്‍ക്കാരെ അറിയിച്ചത്. അയല്‍ക്കാര്‍ വന്നു നോക്കുമ്പോള്‍ കട്ടിലില്‍ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സാരിയില്‍ തൂങ്ങിയാണ് മരിച്ചതെന്നും താനാണ് താഴെ എടുത്തു കിടത്തിയത് എന്നുമായിരുന്നു മകന്റെ വിശദീകരണം. പിന്നാലെ പോലിസ് സ്ഥലത്തെത്തി. അഭിജിത്, ചന്ദ്രികയെ കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്നും മൃതദേഹത്തിന്റെ കിടപ്പ് കണ്ടിട്ട് തൂങ്ങിമരിച്ചതാകാന്‍ സാധ്യതയില്ലെന്ന ആരോപണങ്ങളുമായി നാട്ടുകാരും രംഗത്തെത്തി.

മകന്‍ മര്‍ദിക്കുന്നതിനു ദൃക്‌സാക്ഷികളുണ്ടെന്നും പലപ്പോഴും പോലിസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അമ്മയെന്ന പരിഗണന പോലുമില്ലാതെയാണു ചന്ദ്രികയെ ഉപദ്രവിച്ചിരുന്നതെന്നു പഞ്ചായത്ത് വാര്‍ഡ് അംഗം ഉമാദേവി സോമന്‍ പറയുന്നു. മകന്‍ തന്നെ കൊല്ലുമെന്ന് ചന്ദ്രിക പേടിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും അടുത്തുള്ള ബന്ധുവീടുകളിലാണ് ഇവര്‍ രാത്രി ഉറങ്ങിയിരുന്നത്. ചന്ദ്രികയുടെ ഭര്‍ത്താവ് അംബുജാക്ഷന്‍ ഏതാനും വര്‍ഷം മുന്‍പ് അപകടത്തില്‍ മരിച്ചിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും മുന്നോട്ടുള്ള നടപടിക്രമങ്ങളെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it