Latest News

2.7 ലക്ഷം വില വരുന്ന മിയാസാകി മാങ്ങ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളോ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയായ മിയാസാകി ഇനം മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ സ്വദേശികള്‍ വളര്‍ത്തുന്നുണ്ട് എന്നത് ശരിയാണ്. ഈ മാവിന് നായ്ക്കളുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

2.7 ലക്ഷം വില വരുന്ന മിയാസാകി മാങ്ങ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളോ
X

കോഴിക്കോട്: ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങ ഇനം ഇന്ത്യയിലും കൃഷി ചെയ്യുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യം പുറത്തുവരുന്നു. ഒരു മാങ്ങക്കു തന്നെ രണ്ടര ലക്ഷത്തിലധികം വില വരും എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പ്രമുഖ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇത് ഏറ്റുപിടിക്കുകയും ചെയ്തു.

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയായ മിയാസാകി ഇനം മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ സ്വദേശികള്‍ വളര്‍ത്തുന്നുണ്ട് എന്നത് ശരിയാണ്. ഈ മാവിന് നായ്ക്കളുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ഈ ഇനം മാങ്ങക്ക് രണ്ടര ലക്ഷം രൂപയോളം വിലയുണ്ട് എന്നത് വെറും ഭാവന മാത്രമാണ് എന്നാണ് വ്യക്തമായിട്ടുള്ളത്.

1939 ല്‍ അമേരിക്കയിലെ സൗത്ത് ഫോളിറഡില്‍ എസി ഡി ഇര്‍വിന്‍ എന്നയാളുടെ തോട്ടത്തില്‍ നട്ടുവളര്‍ത്തിയ സങ്കരയിനം മാവ് കായ്ച്ചപ്പോള്‍ ആകര്‍ഷണീയമായ നിറവും,രുചിയും,സുഗന്ധവുമുള്ള മാങ്ങ ലഭിച്ചു. മാങ്ങയുടെ പ്രത്യേകതകള്‍ കാരണം ജപ്പാന്‍, തായ്വാന്‍, ആസ്‌ട്രേലിയ, സൗത്തി കൊറിയ എന്നിവിടങ്ങളിലേക്കും ഈ ഇനം എത്തി. ജപ്പാനില്‍ കൃഷി ചെയ്തപ്പോള്‍ വളര്‍ത്തുന്നതിനും വിളവെടുക്കുന്നതിനും പ്രത്യേക രീതികള്‍ അവലംബിച്ചു. ജപ്പാനിലെ മിയാക്കോവില്‍ പ്രത്യേകമായി തയ്യാറാക്കിയ ഗ്രീന്‍ ഹൗസുകളിലാണ് ഇത ്കൃഷി ചെയ്തത്. വലിയ മരമായി വളരാതെ വേരുകളും ശിഖരങ്ങളുമോക്കെ പ്രൂണ്‍ചെയ്തു നിയന്ത്രിച്ചു പ്രത്യകപരിചരണത്തില്‍ വളര്‍ത്തി. ഓരോ കൊമ്പുകളില്‍ ഒരു മാങ്ങമാത്രം വളരുവാന്‍ അനുവദിച്ച. മാങ്ങ പഴുത്താല്‍ നെറ്റില്‍ തനിയെ വീണാല്‍ മാത്രമേ വിളവെടുക്കുകയുമുള്ളൂ. ഇത് മാങ്ങയില്‍ പരമാവധി മധുരവും നിറവും ലഭിക്കാനിടവരുന്നു. ഇത്തരത്തില്‍ കൃഷിചെയ്യുന്നതിനാല്‍ ഓരോ മാങ്ങക്കും കൃത്യമായ തൂക്കം , മികച്ച നിറം , ആകൃതി , മധുരം , സുഗന്ധം എന്നിവയിലെല്ലാം ലഭിക്കും. ഇത്തരം ഗുണമേന്മയുള്ള മാങ്ങകളെ എഗ്ഗ് ഓഫ് സണ്‍ എന്നും പറയാറുണ്ട്.

ജപ്പാനില്‍ ഈ മാങ്ങക്ക് മികച്ച വില ലഭിക്കുന്നുണ്ട്. വളരെ അപൂര്‍വ്വമായി ചിലപ്പോള്‍ 4500 ഡോളറിനു തുല്യമായ തുകക്കൊക്കെ വിറ്റു പോയിട്ടുമുണ്ട്. വിശേഷാവസരങ്ങളില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മികച്ച പഴവര്‍ഗ്ഗങ്ങള്‍ സമ്മാനിക്കുക ആചാരമായി കരുതുന്നവരാണ് ജപ്പാനിലുള്ളവര്‍. അത്തരം അവസരങ്ങളിലാണ് മിയാസാകി ഇനത്തിന് ഉയര്‍ന്ന വില ലഭിക്കാറുള്ളത്. അല്ലാത്തപ്പോള്‍ 50 ഡോളറൊക്കെയാണ് ഇതിന്റെ വില.ഈ വിലക്ക് ജപ്പാനില്‍ വില്‍പ്പന നടത്തുന്ന മിയാസാക്കി ഇനം മാങ്ങയാണ് 2.7 ലക്ഷം രൂപ വരെ വിലയുണ്ട് എന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഈ വിലക്ക് ആരും ഇത് വില്‍പ്പന നടത്തിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മിയിസാക്കി ഇനം മാങ്ങ പ്രത്യേക സംരക്ഷണത്തില്‍ വളര്‍ത്തുമ്പോള്‍ മാത്രമാണ് സവിശേഷമായ നിറവും മണവും രുചിയും ലഭിക്കുന്നത്. അല്ലാതെ വളര്‍ത്തുന്ന ഇനത്തിന് ഇത്തരം പ്രത്യേകതകള്‍ കാണപ്പെടുന്നുമില്ല.

Next Story

RELATED STORIES

Share it