Latest News

ആരോഗ്യമുള്ള ജനതയ്‌ക്കേ നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയൂ: മന്ത്രി ടി പി രാമകൃഷ്ണന്‍

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വം സുന്ദരം എന്റെ മേപ്പയ്യൂര്‍ പദ്ധതി പ്രഖ്യാപനവും എംസിഎഫ് ഉദ്ഘാടനവും മേപ്പയ്യൂര്‍ ടൗണ്‍ പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്‍.

ആരോഗ്യമുള്ള ജനതയ്‌ക്കേ നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയൂ: മന്ത്രി ടി പി രാമകൃഷ്ണന്‍
X

കോഴിക്കോട്: ആരോഗ്യമുള്ള ജനതയ്‌ക്കേ നാടിനെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയുകയുള്ളൂവെന്ന് എക്‌സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ശുചിത്വം സുന്ദരം എന്റെ മേപ്പയ്യൂര്‍ പദ്ധതി പ്രഖ്യാപനവും എംസിഎഫ് ഉദ്ഘാടനവും മേപ്പയ്യൂര്‍ ടൗണ്‍ പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണം. മാലിന്യ മുക്തപരിസരം പകര്‍ച്ച വ്യാധികളില്ലാത്ത കേരളം അതാണ് ലക്ഷ്യം. സുന്ദരമായ നമ്മുടെ നാട് കാണാന്‍ അന്യദേശങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തണം. ജനുവരി ഒന്നു മുതല്‍ സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കാനൊരുങ്ങുകയാണ്.

വ്യക്തി ശുചിത്വം പാലിക്കുകയും അതേസമയം പരിസരം മലിനമാക്കുകയും ചെയ്യുന്ന പ്രവണത മാറ്റണം. ശുദ്ധവായു ശ്വസിക്കാന്‍ നമുക്ക് കഴിയണം. മേപ്പയ്യൂര്‍ ടൗണില്‍ എത്തുമ്പോള്‍ പൂക്കളുടെ സുഗന്ധം പരക്കുന്ന അവസ്ഥയുണ്ടാക്കലാണ് ലക്ഷ്യം. കേരളമാകെ മാലിന്യ മുക്തമാക്കാന്‍ ജനങ്ങളുടെ സഹകരണം പ്രധാനമാണ്. മാലിന്യകൂമ്പാരങ്ങള്‍ ഗുരുതരായ രോഗങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു. മേപ്പയ്യൂരിലെ പൊതുയിടങ്ങളില്‍ ശുചിത്വ സന്ദേശം നല്‍കി ചിത്രങ്ങള്‍ വരച്ച കലാകാരന്‍മാരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.

പഞ്ചായത്ത്തല ശുചിത്വ സമിതി, വാര്‍ഡ് തല സമിതി, സ്‌കൂള്‍ തല ശുചിത്വ സമിതി, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ബേങ്ക്, സ്വകാര്യ സ്ഥാപന മേധാവികളുടെ സമിതി, വ്യാപാരി വ്യവസായി സമൂഹം, ആരാധനാലയ പ്രതിനികള്‍, ഓട്ടോ ടാക്‌സി മോട്ടോര്‍ തൊഴിലാളികള്‍, കുടുംബശ്രീ തുടങ്ങി നാനാതുറകളില്‍പെട്ടവര്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. കൂടാതെ വടകര ഹരിത സഹായ സ്ഥാപനത്തിന്റെ പിന്തുണയും പഞ്ചായത്തിന്റെ ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

സെക്രട്ടറി എ രാജേഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി കെ റീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ശുചിത്വ പ്രവര്‍ത്തന കോര്‍ഡിനേറ്റര്‍ വി പി രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശാലിനി ബാലകൃഷ്ണന്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍, മണലില്‍ മോഹനന്‍ തുടങ്ങിയവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it